
ഹേഗ്: റോഹിങ്ക്യൻ ന്യൂനപക്ഷത്തിനെതിരെ മ്യാൻമർ വംശഹത്യ നടത്തിയതായി കണ്ടെത്തി അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ.സി.ജെ). 2017ൽ വടക്കൻ റാഖൈൻ സംസ്ഥാനത്ത് സൈന്യം നടത്തിയ അടിച്ചമർത്തൽ നടപടികൾക്കിടെ വംശഹത്യ നടന്നതായി കോടതി വ്യക്തമാക്കി. 80 വർഷത്തെ ചരിത്രത്തിൽ ഒരു രാജ്യത്തെ വംശഹത്യയ്ക്ക് ഉത്തരവാദിയായി കണ്ടെത്തുന്നത് ഇതാദ്യമാണ്. ഒമ്പതിനെതിരെ ആറു വോട്ടുകൾക്കാണ് വിധി. ആയിരക്കണക്കിന് സാധാരണക്കാരെ കൊലപ്പെടുത്തുകയും സ്ത്രീകൾക്കെതിരെ വ്യാപകമായ ലൈംഗിക അതിക്രമങ്ങൾ നടത്തുകയും കുട്ടികളെ ക്രൂരമായി ആക്രമിക്കുകയും ചെയ്തതായി കോടതി നിരീക്ഷിച്ചു.
സൈനിക നടപടികളെ തുടർന്ന് ലക്ഷക്കണക്കിന് റോഹിങ്ക്യകൾക്ക് അയൽരാജ്യമായ ബംഗ്ലാദേശിലേക്ക് പലായനം ചെയ്യേണ്ടിവന്നു. റോഹിങ്ക്യൻ ഗ്രാമങ്ങൾ ആസൂത്രിതമായി നശിപ്പിക്കുകയും ജനവിഭാഗത്തെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തുകയും ചെയ്തതായി കോടതി കണ്ടെത്തി. വംശീയ വിഭാഗത്തിന്റെ ഗണ്യമായൊരു ഭാഗത്തെ ഇല്ലാതാക്കാനുള്ള ഉദ്ദേശ്യത്തോടെയാണ് അതിക്രമങ്ങൾ നടന്നതെന്നതാണ് തെളിവുകളിൽനിന്ന് ലഭിക്കുന്ന ഏക യുക്തിസഹമായ നിഗമനമെന്നും കോടതി വ്യക്തമാക്കി. വംശഹത്യ തടയുന്നതിലും കുറ്റവാളികളെ ശിക്ഷിക്കുന്നതിലും മ്യാൻമർ പരാജയപ്പെട്ടതായും വിധിയിൽ ചൂണ്ടിക്കാട്ടി.
പലായനം ചെയ്ത റോഹിങ്ക്യകളുടെ സുരക്ഷിതവും സ്വമേധയാ ഉള്ളതും മാന്യവുമായ തിരിച്ചുവരവ് സാധ്യമാക്കണമെന്നും വംശഹത്യയിൽ പങ്കുള്ളവരെ അന്വേഷിച്ച് ശിക്ഷിക്കണമെന്നും കോടതി മ്യാൻമറിനോട് നിർദേശിച്ചു. ഇരകൾക്ക് നഷ്ടപരിഹാരം നൽകാനും മറ്റ് പരിഹാരനടപടികൾ സ്വീകരിക്കാനും ഉത്തരവിട്ടിട്ടുണ്ട്. നഷ്ടപരിഹാരത്തിന്റെ വിശദാംശങ്ങൾ പിന്നീട് തീരുമാനിക്കും. വിധി അന്തിമവും നിയമപരമായി ബാധകവുമാണെങ്കിലും അത് നേരിട്ട് നടപ്പാക്കാനുള്ള സംവിധാനമില്ലാത്തത് വെല്ലുവിളിയാണ്.
