
ഇന്ത്യയിൽനിന്നുള്ള വിനോദസഞ്ചാരികൾക്ക് അനുവദിച്ചിരുന്ന വീസ–ഫ്രീ യാത്രാ സൗകര്യം അവസാനിപ്പിക്കാൻ മലേഷ്യ. ജനുവരി ഒന്ന് മുതൽ ഇന്ത്യക്കാർക്ക് മലേഷ്യയിലേക്ക് യാത്ര ചെയ്യാൻ വീസ നിർബന്ധമാകുമെന്ന് മലേഷ്യൻ ഇമിഗ്രേഷൻ വകുപ്പ് (ജെഐഎം) അറിയിച്ചു. ഡിസംബർ ഒന്ന് മുതൽ മൈവീസ പോർട്ടൽ വഴി വീസയ്ക്കായി അപേക്ഷിക്കാം. നിലവിൽ ഇന്ത്യക്കാർക്ക് 30 ദിവസം വരെ വീസയില്ലാതെ മലേഷ്യയിൽ താമസിക്കാൻ അനുമതിയുണ്ടായിരുന്നു. യാത്രയ്ക്ക് മൂന്ന് ദിവസം മുൻപ് മലേഷ്യ ഡിജിറ്റൽ അറൈവൽ കാർഡിൽ രജിസ്റ്റർ ചെയ്താൽ മതിയായിരുന്നു.
പുതിയ നിർദേശപ്രകാരം വീസ അപേക്ഷ നിരസിക്കപ്പെട്ടാലും അപേക്ഷയ്ക്കായി നൽകിയ പ്രോസസിങ് ഫീസ് തിരികെ ലഭിക്കില്ല. യാത്രക്കാർ മെഡിക്കൽ കവറേജ് ഉറപ്പാക്കണമെന്നും മലേഷ്യയിൽ വിദേശികൾക്ക് മെഡിക്കൽ സേവനങ്ങൾക്ക് നിരക്ക് ഈടാക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വീസ നടപടികളിൽ മാറ്റം വരുന്നതോടെ മലേഷ്യയിലേക്ക് യാത്ര ആസൂത്രണം ചെയ്യുന്ന ഇന്ത്യക്കാർ പുതിയ നിബന്ധനകൾ പാലിക്കേണ്ടിവരും.
വീസരഹിത യാത്രാ സൗകര്യം തൊഴിലന്വേഷണത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി ചിലർ ദുരുപയോഗം ചെയ്യുന്നുവെന്ന പരാതികൾ ഉയർന്നിരുന്നു. ഇതാണ് സൗകര്യം അവസാനിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. അതേസമയം, മലേഷ്യ ഉൾപ്പെടെയുള്ള ആസിയാൻ രാജ്യങ്ങളിലേക്ക് വിനോദസഞ്ചാരികൾക്ക് സൗജന്യ ഇ-വീസ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്ത്യക്കാർക്ക് തിരിച്ചടിയാകുന്ന പുതിയ തീരുമാനം പുറത്തുവന്നിരിക്കുന്നത്.
