Home » Blog » Kerala » ടിക്കറ്റില്ലാതെ യാത്ര, ചോദ്യം ചെയ്ത ടിടിഇയെ ഭീഷണിപ്പെടുത്തി, പിന്നാലെ സ്വന്തം വസ്ത്രം വലിച്ചുകീറി പീഡന ആരോപണവും; വീഡിയോ വൈറലായതോടെ യുവതിക്കെതിരെ രൂക്ഷ വിമര്‍ശനം
10

ട്രെയിൻ യാത്രയിൽ ടിക്കറ്റ് പരിശോധനക്കിടെയുണ്ടായ തർക്കത്തിനിടയിൽ യുവതി സ്വന്തം വസ്ത്രം വലിച്ചുകീറി അപമര്യാദയായി പെരുമാറുന്നതിന്റെയും ടി.ടി.ഇക്കെതിരെ വ്യാജ പീഡന പരാതി ഉയർത്തുമെന്ന് ഭീഷണിപ്പെടുത്തുന്നതിന്റെയും വിഡിയോ സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയാകുന്നു. എക്സ്പ്രസ് ട്രെയിനിൽ വച്ചാണ് ഈ ഞെട്ടിക്കുന്ന സംഭവമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. ട്രെയിനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ടിക്കറ്റ് ട്രാവലിങ് എക്‌സാമിനർ ടിക്കറ്റ് ചോദിച്ചതിനെ തുടർന്നാണ് പ്രശ്നങ്ങളുടെ തുടക്കം. യാത്രക്കാരിയായ യുവതിയുടെ കൈവശം കൃത്യമായ ടിക്കറ്റ് ഉണ്ടായിരുന്നില്ലെന്നും ടിക്കറ്റിന് പകരം പണം നൽകാമെന്ന് അവർ പറഞ്ഞതായും വിവരങ്ങളുണ്ട്.

മാത്രമല്ല, തന്റെ സഹോദരൻ റെയിൽവേ ജീവനക്കാരനാണെന്നും യുവതി അവകാശപ്പെട്ടു. സംഭാഷണം പെട്ടെന്നുതന്നെ വലിയൊരു വാക്കുതർക്കത്തിലേക്ക് വഴിമാറി. ഫോണിലൂടെ തന്റെ സഹോദരനുമായി സംസാരിക്കുന്നതിനിടയിൽ ടി.ടി.ഇ തന്നെ അപമാനിക്കാൻ ശ്രമിക്കുന്നുവെന്ന് യുവതി ആരോപിക്കുന്നത് വിഡിയോയിൽ കാണാം. തുടർന്ന് എമർജൻസി ഹെൽപ്പ്‌ലൈനായ 112-ൽ വിളിക്കുമെന്നും ടി.ടി.ഇക്കെതിരെ ഗുരുതരമായ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുമെന്നും അവർ ഭീഷണിമുഴക്കി. തന്റെ പേര് രാധിക തിവാരിയാണെന്ന് വെളിപ്പെടുത്തിയ യുവതി തർക്കം തുടരുന്നതിനിടയിൽ സ്വന്തം വസ്ത്രങ്ങൾ സ്വയം വലിച്ചുകീറുകയായിരുന്നു. ടി.ടി.ഇ തന്നെ അനുചിതമായി സ്പർശിക്കാൻ ശ്രമിച്ചുവെന്നും പീഡിപ്പിക്കാൻ നോക്കിയെന്നും വരുത്തിതീർക്കാനായിരുന്നു ഈ നാടകമെന്നാണ് ആരോപണം.

എന്നാൽ, യാത്രക്കാരിയുടെ ഈ പെരുമാറ്റവും തർക്കങ്ങളും ടി.ടി.ഇ തന്റെ മൊബൈൽ ഫോണിൽ കൃത്യമായി ചിത്രീകരിക്കുന്നുണ്ടായിരുന്നു. ഈ ദൃശ്യങ്ങൾ പിന്നീട് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും വലിയ ജനരോഷത്തിന് ഇടയാക്കുകയും ചെയ്തു. സംഭവത്തിന്റെ സത്യാവസ്ഥയും ട്രെയിൻ ഏതാണെന്നുള്ള കൃത്യമായ വിവരങ്ങളും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നിരുന്നാലും റെയിൽവേ യാത്രക്കാരുടെ സഹായത്തിനായുള്ള ഔദ്യോഗിക എക്സ് അക്കൗണ്ടായ റെയിൽവേ സേവ സംഭവത്തിൽ ഇടപെട്ടിട്ടുണ്ട്. പി.എൻ.ആർ നമ്പറും മൊബൈൽ നമ്പറും പങ്കുവെക്കാനും കൂടുതൽ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ‘റെയിൽമദദ്’ വഴിയോ 139 എന്ന നമ്പറിലൂടെയോ പരാതിപ്പെടാനും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *