Home » Blog » Kerala » “നല്ല കിടക്ക, മെത്ത, തലയിണ, ഫാൻ, വൃത്തിയുള്ള ശൗചാലയം… സെൻട്രൽ ജയിലിലെ ആശുപത്രി ബ്ലോക്ക് ഞാൻ ജയിൽ വകുപ്പ് ഡിജിപി ആയിരുന്നപ്പോൾ മെച്ചപ്പെയെടുത്തിയെടുത്തതാണ്, ഇപ്പോൾ അത് ആർക്കെങ്കിലും പ്രയോജനപ്പെടുന്നുണ്ടെങ്കിൽ സന്തോഷം” ; തച്ചങ്കരിയെ പരിഹസിച്ച് ആർ ശ്രീലേഖ
9

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന മുൻ ഡിജിപി ടോമിൻ തച്ചങ്കരിയെ പരിഹസിച്ച് ഫേസ്ബുക്ക് കുറിപ്പുമായി മുൻ ഡിജിപിയും ബിജെപി കൗൺസിലറുമായ ആർ. ശ്രീലേഖ. സെൻട്രൽ ജയിലിലെ ആശുപത്രി ബ്ലോക്ക് താൻ ഡിജിപി ആയപ്പോൾ മെച്ചപ്പെടുത്തിയതാണെന്നും ഇപ്പോൾ അത് ആർക്കെങ്കിലും പ്രയോജനപ്പെടുന്നതിൽ സന്തോഷമുണ്ടെന്നുമാണ് ശ്രീലേഖയുടെ കുറിപ്പിൽ പറയുന്നത്.

ശ്രീലേഖയുടെ ഫേസ്ബുക്ക് കുറിപ്പ് :

“തിരുവനന്തപുരം സെൻട്രൽ ജയിലിലെ ‘ആശുപത്രി ബ്ലോക്ക്’ സെല്ലുകളെ അപേക്ഷിച്ച് വളരെ വൃത്തിയുള്ളതാണ്. നല്ല കിടക്ക, മെത്ത, തലയിണ, ഫാൻ, വൃത്തിയുള്ള ശൗചാലയം, പിന്നെ പ്രത്യേകം ഒറ്റയ്ക്ക് കഴിയാനുള്ള സൗകര്യങ്ങൾ, ചുറ്റും മനോഹരമായ പൂന്തോട്ടം, പ്രത്യേക ഭക്ഷണം… ഇതൊക്കെ ഞാൻ ജയിൽ വകുപ്പ് ഡിജിപി ആയിരുന്നപ്പോൾ മെച്ചപ്പെയെടുത്തിയെടുത്തതാണ്. ഇപ്പോൾ അത് ആർക്കെങ്കിലും നല്ലതുപോലെ പ്രയോജനപ്പെടുന്നുണ്ടെങ്കിൽ സന്തോഷം !”

അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ട ടോമിൻ തച്ചങ്കരി പൂജപ്പുര സെൻട്രൽ ജയിലിലെ ഹോസ്പിറ്റൽ ബ്ലോക്കിലാണ് കഴിയുന്നത്. ബൈപാസ് സർജറി നടത്തിയിട്ടുള്ളതിനാലാണ് ടോമിൻ തച്ചങ്കരിയെ ജയിലിലെ ഹോസ്പിറ്റൽ ബ്ലോക്കിലേക്ക് മാറ്റിയത്. ഡോക്ടർമാർ പരിശോധിച്ച് ആരോഗ്യനില മോശമാണെങ്കിൽ ആശുപത്രിയിലേക്ക് മാറ്റും. പുജപ്പുര സെൻട്രൽ ജയിലിലെ 475ാം നമ്പർ തടവുകാരനാണ് തച്ചങ്കരിയിപ്പോൾ.

കേസിൽ തച്ചങ്കരിക്ക് നാല് വർഷം കഠിനതടവും 30.80 ലക്ഷം രൂപ പിഴയുമാണ് കോട്ടയം വിജിലൻസ് കോടതി വിധിച്ചത്. 2003 മുതൽ 2007 വരെയുള്ള കാലയളവിൽ ഔദ്യോഗിക പദവിയിലിരിക്കെ 64.70 ലക്ഷം രൂപ അനധികൃതമായി സമ്പാദിച്ചുവെന്നാണ് വിജിലൻസ് കേസ്. അന്വേഷണത്തിൽ അദ്ദേഹത്തിന് ലഭിച്ച വരുമാനത്തേക്കാൾ 135.80 ശതമാനം അധിക സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *