Your Image Description Your Image Description

മെഡിക്കൽ കോളേജിൽ സമഗ്ര പാലിയേറ്റീവ് കെയർ ക്ലിനിക്ക് ഉദ്ഘാടനത്തിനൊരുങ്ങി

ഭാവിയില്‍ നിങ്ങളുടെ ചികില്‍സ എങ്ങിനെയായിരിക്കണം, മരണശേഷം അവയവങ്ങള്‍ ദാനം ചെയ്യണോ, സംസ്കാര ചടങ്ങുകള്‍ എങ്ങിനെ വേണം..ഇത്തരം കാര്യങ്ങളില്‍ അഭിപ്രായങ്ങളും തീരുമാനങ്ങളും ഉള്ളയാളാണോ നിങ്ങള്‍. എങ്കില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ആരംഭിക്കാന്‍ പോകുന്ന സമഗ്ര പാലിയേറ്റീവ് കെയർ ക്ലിനിക്കിലെ ലിവിംഗ് വിൽ ഇൻഫർമേഷൻ ഡെസ്‌ക്കിന് നിങ്ങളെ സഹായിക്കാനാകും. ആലപ്പുഴ ഗവ. ടി ഡി മെഡിക്കൽ കോളേജിൽ അനസ്തേഷ്യ വിഭാഗത്തിന് കീഴിൽ ഒരുങ്ങിയ സമഗ്ര പാലിയേറ്റീവ് കെയർ ക്ലിനിക്കും ലിവിങ് ഉദ്ഘാടനത്തിന് സജ്ജമായി.

പാലിയേറ്റീവ് കെയർ ആവശ്യമുള്ള രോഗികൾക്കായി എല്ലാ ശനിയാഴ്ചകളിലും രാവിലെ 9.30 മുതൽ ഇവിടെ ഒ പി സേവനം ലഭ്യമാകും. 10 ബെഡുകൾ ഉൾപ്പെടുത്തി സജ്ജീകരിച്ച വാർഡിൽ മറ്റു വകുപ്പുകളിലെ ഡോക്ടർമാരുടെ സേവനങ്ങളും ഉറപ്പാക്കുന്നുണ്ട്. ഫാർമസി, ലിവിംഗ് വിൽ ഇൻഫർമേഷൻ ഡെസ്ക്, സ്റ്റോർ എന്നീ സൗകര്യങ്ങളും ഇതിൻ്റെ ഭാഗമായി സജ്ജീകരിക്കുന്നുണ്ട്.

പുതുതായി ആരംഭിക്കുന്ന സമഗ്ര പാലിയേറ്റീവ് കെയർ ക്ലിനിക്കിന് കീഴിലാണ് ലിവിംഗ് വിൽ ഇൻഫർമേഷൻ ഡെസ്‌ക്കിൻ്റെ സേവനവും ലഭ്യമാകുന്നത്. ലിവിംഗ് വിൽ പൂരിപ്പിക്കുന്നതിനുള്ള ഫോമും നിർദ്ദേശങ്ങളുമാണ് ഇവിടെ നിന്ന് ലഭിക്കും. തിങ്കൾ മുതൽ വെള്ളി വരെയായിരിക്കും ഡെസ്‌ക് പ്രവർത്തനം. ഒരു വ്യക്തിയുടെ ജീവിതാവസാന സമയത്തോ രോഗാവസ്ഥയിലോ ചികിത്സാ തീരുമാനങ്ങൾ എടുക്കാനാകാത്ത ഘട്ടത്തിൽ ലഭിക്കേണ്ട ചികിത്സ സംബന്ധിച്ച ആഗ്രഹങ്ങൾ മുൻകൂട്ടി രേഖപ്പെടുത്തി വെക്കുന്നതാണ് ലിവിംഗ് വിൽ. ജീവിതാവസാന സാഹചര്യങ്ങളിലെ ചികിത്സാരീതികളെക്കുറിച്ചുള്ള വ്യക്തിയുടെ നിർദ്ദേശങ്ങളാണ് രേഖപ്പെടുത്തുക. വെന്റിലേഷൻ, ഡയാലിസിസ് പോലെ ജീവൻ നിലനിർത്തുന്ന ചികിത്സകൾ സ്വീകരിക്കണോ വേണ്ടയോ, മരണശേഷമുള്ള അവയവദാനം, സംസ്കാര ചടങ്ങുകൾ തുടങ്ങിയ കാര്യങ്ങൾ ഇതിലൂടെ മുൻകൂട്ടി തീരുമാനിക്കാം. 18 വയസ്സ് തികഞ്ഞ ആർക്കും ലിവിംഗ് വിൽ ഒപ്പുവെക്കാം. ബന്ധുക്കളുമായി ആലോചിച്ചതിനു ശേഷം ഒപ്പുവെച്ച ഈ രേഖകൾ ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥൻ ഒപ്പു വെക്കും, ശേഷം തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് കീഴിൽ സൂക്ഷിക്കുന്നതാണ് രീതി.

മെഡിക്കൽ കോളേജിലെ പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളുടെ ഭാഗമായി ‘കാരുണ്യ’ എന്ന പേരിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളും നടന്നുവരുന്നുണ്ട്. അരക്ക് താഴെ തളർന്നവരെ ഒരുമിച്ചുകൂട്ടി എല്ലാ വർഷവും പാരാപ്ലീജിയ മീറ്റും മറ്റ് മെഡിക്കൽ ക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ട്. കിടപ്പുരോഗികള്‍ക്ക് മാനസികവും ശാരീരികവുമായി പിന്തുണ നൽകുകയാണ് ഇത്തരം പ്രവർത്തനങ്ങളിലൂടെ ലക്ഷ്യം വെക്കുന്നത്. കൂടാതെ ഹൗസ് സർജൻമാർക്കുള്ള കരിക്കുലത്തിലും പാലിയേറ്റീവ് കെയർ ഇടം പിടിച്ചിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി ആലപ്പുഴയിലെയും സമീപ പ്രദേശങ്ങളിലെയും കിടപ്പുരോഗികളെ ഡോക്ടർമാർ നേരിട്ട് വീടുകളിലെത്തി പരിശോധിക്കുന്നുണ്ട്. ഈ മാസം അവസാനത്തോടെ സമഗ്ര പാലിയേറ്റീവ് കെയർ ക്ലിനിക്ക് പ്രവർത്തനം ആരംഭിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

 

Related Posts