
കോഴിക്കോട്: അധ്യാപികമാർ ഉൾപ്പെട്ട വടകരയിലെ എംഡിഎംഎ കേസിൽ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ വടകര എൻഡിപിഎസ് കോടതി തള്ളി. ബിആർസി അധ്യാപികമാരായ മൂന്നാംപ്രതി കാവ്യ, നാലാംപ്രതി ആവള സ്വദേശി നീഷ്മ എന്നിവരുടെയും കേസിലെ അഞ്ചാംപ്രതി ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസിന്റെയും ജാമ്യാപേക്ഷയാണ് തള്ളിയത്. സെപ്റ്റംബർ ഏഴിന് കേസിലെ അഞ്ചാംപ്രതിയായ ജിജിൽ കുര്യാക്കോസിനെ കോടതി രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.
ആറുമാസത്തിനിടെ ഏകദേശം ഒരു കോടിയിലേറെ രൂപയാണ് ജിജിലിന്റെ അക്കൗണ്ടിലേക്ക് എത്തിയതെന്നാണ് കണ്ടെത്തൽ. അധ്യാപികമാരായ കീർത്തനയും കാവ്യയും നീഷ്മയും ജിജിലിന്റെ അക്കൗണ്ടിലേക്ക് പണം അയച്ചിരുന്നു. തുടർന്ന് ഇയാളുടെ അക്കൗണ്ടിൽനിന്ന് വയനാട് സ്വദേശിയായ ഷിന്റോയുടെ അക്കൗണ്ടിലേക്കാണ് പണം പോയതെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
വടകര എംഡിഎംഎ വിൽപ്പന, സാമ്പത്തിക ഇടപാട് കേസിൽ വയനാട് സ്വദേശിയായ ഷിന്റോയാണ് മുഖ്യപ്രതിയെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, ഇയാളെ ഇതുവരെ പിടികൂടാനായിട്ടില്ല. അതേസമയം, കേസിലെ രണ്ടാംപ്രതിയും അധ്യാപികയുമായ കീർത്തനയ്ക്ക് നേരത്തേ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനുപിന്നാലെ സെപ്റ്റംബർ എട്ടിന് കീർത്തന ജയിൽമോചിതയായിരുന്നു.
