Home » Blog » kerala Mex » ജനറൽ സീറ്റുകളിൽ വനിതകളെ മത്സരിപ്പിക്കരുതെന്ന ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പ്രസ്താവന; പ്രതികരണവുമായി സമസ്ത അധ്യക്ഷൻ

നറൽ സീറ്റുകളിൽ വനിതകളെ മത്സരിപ്പിക്കരുതെന്ന ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പ്രസ്താവന തള്ളി സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ രംഗത്തെത്തി. സ്ഥാനാർത്ഥി നിർണ്ണയം അതത് രാഷ്ട്രീയ പാർട്ടികളുടെ ആഭ്യന്തര കാര്യമാണെന്നും അതിന്റെ ഗുണദോഷങ്ങൾ വിലയിരുത്തേണ്ടത് ആ പാർട്ടികളാണെന്നും തങ്ങൾ വ്യക്തമാക്കി. മതത്തിന്റെയും രാഷ്ട്രീയ പാർട്ടികളുടെയും കാഴ്ചപ്പാടുകൾ ഇത്തരം വിഷയങ്ങളിൽ വ്യത്യസ്തമായിരിക്കാമെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.

അനാവശ്യ പ്രസ്താവനകളിലൂടെ സമസ്തയെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് ജിഫ്രി തങ്ങൾ കർശന നിർദ്ദേശം നൽകി. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ ഇത്തരം വിവാദങ്ങളിൽ നിന്ന് വിട്ടുനിൽക്കണം. വ്യക്തിഹത്യയും വിദ്വേഷ പ്രചാരണങ്ങളും ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, മുസ്ലിം ലീഗിനെ മാത്രം ലക്ഷ്യം വെച്ചുള്ള വിമർശനങ്ങൾ ‘രാഷ്ട്രീയ തിമിരം’ ആണെന്ന് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായിയും കുറ്റപ്പെടുത്തി. ഉപദേശങ്ങൾ നൽകുന്നത് എല്ലാ പാർട്ടികളോടും ഒരുപോലെയാകണം. ലീഗിനെ തിരുത്താൻ ശ്രമിക്കുന്നത് അവരോട് ചേർന്നുനിന്നുകൊണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.