Your Image Description Your Image Description

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിൽ കല്യാണ വീട്ടിലേക്കെന്ന് പറഞ്ഞ് വാടകക്കെടുത്ത ചെമ്പുകള്‍ ആക്രിക്കടയിൽ മറിച്ചു വിറ്റ യുവാവിനായുള്ള അന്വേഷണം തുടരുന്നു. വാടക സ്റ്റോറില്‍ നിന്നും എടുത്ത ചെമ്പ് ഉള്‍പ്പെടെയുള്ള പാത്രങ്ങളാണ് യുവാവ് ആക്രിക്കടയിൽ എത്തിച്ച് വിൽപന നടത്തിയത്. പരപ്പന്‍പൊയിലിലെ ഒകെ സൗണ്ട്‌സ് എന്ന വാടക സ്റ്റോറില്‍ നിന്നും കഴിഞ്ഞ ശനിയാഴ്ച രാവിലെ 11നാണ് യുവാവ് പാത്രങ്ങൾ വാടകയ്‌ക്കെടുത്തത്. വിവാഹ ആവശ്യത്തിനെന്ന് പറഞ്ഞായിരുന്നു രണ്ട് വലിയ ബിരിയാണി ചെമ്പുകള്‍, രണ്ട് ഉരുളി എന്നിവ യുവാവ് വാടകയ്‌ക്കെടുത്ത്. കടയിൽ നിന്ന് തന്നെ ഗുഡ്‌സ് ഓട്ടോ വിളിച്ച് പാത്രങ്ങള്‍ കൊണ്ടുപോകുകയും ചെയ്തു.

താമരശ്ശേരിക്ക് സമീപം അണ്ടോണയിലെ വീട്ടിലേക്കാണെന്നു പറഞ്ഞാണ് പാത്രങ്ങള്‍ എടുത്തത്. ചടങ്ങ് കഴിഞ്ഞ് തിങ്കളാഴ്ച തിരിച്ചേല്‍പ്പിക്കാം എന്നാണ് യുവാവ് പറഞ്ഞതെന്ന് വാടക സ്റ്റോറിന്റെ ഉടമ റഫീഖ് പറഞ്ഞു. പാത്രങ്ങൾ വാടകയ്ക്ക് നൽകിയപ്പോൾ ഇയാളുടെ ഫോണ്‍ നമ്പറും അഡ്രസും വാങ്ങി സൂക്ഷിച്ചിരുന്നു. സല്‍മാന്‍ എന്നാണ് യുവാവ് പേര് പറഞ്ഞിരുന്നത്. പറഞ്ഞ സമയം കഴിഞ്ഞിട്ടും പാത്രങ്ങള്‍ തിരികെ എത്തിക്കാഞ്ഞതിനെ തുടര്‍ന്ന് ഇന്ന് അന്വേഷിച്ചപ്പോഴാണ് യുവാവ് നല്‍കിയ വിലാസം വ്യാജമാണെന്ന് അറിഞ്ഞത്. ഇയാളുടെ ഫോണ്‍ നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.

ഇതേത്തുടർന്ന് പാത്രങ്ങൾ കൊണ്ടുപോയ ഗുഡ്‌സ് ഓട്ടോ ഡ്രൈവറെ ബന്ധപ്പെട്ടു. ഇയാൾ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാത്രങ്ങള്‍ അണ്ടോണയിലെ വീട്ടിലേക്കല്ല പൂനൂരിലെ ആക്രിക്കടയുടെ സമീപമാണ് ഇറക്കിയതെന്ന് കണ്ടെത്തി. പൂനൂരിലെ ആക്രിക്കടയിലെത്തിയ സ്റ്റോറിന്റെ ഉടമ റഫീഖ് തന്റെ പാത്രങ്ങൾ തിരിച്ചറിഞ്ഞു. പാത്രങ്ങള്‍ക്കൊപ്പം കൊണ്ട് പോയ ചട്ടുകം, കോരി എന്നിവ വില്‍പ്പന നടത്തിയിട്ടില്ല. ആക്രിക്കടക്കാര്‍ക്ക് സംശയം തോന്നാതിരിക്കാനായി ഇങ്ങനെ ചെയ്തതാകാം എന്നാണ് നിഗമനം. സംഭവത്തിൽ വാടക സ്റ്റോർ ഉടമ താമരശേരി പോലീസിൽ പരാതി നൽകി. മോഷ്ടാവിനെ പിടികൂടാനുള്ള അന്വേഷണം ആരംഭിച്ചുവെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts