Home » Blog » Kerala » ‘ചതിച്ചതാര്? ചന്തുതന്നെ. മഷിയിട്ടു നോക്കേണ്ട കാര്യമില്ല’, പാളയത്തിലെ ചതിയും, പിന്നിൽ നിന്നുള്ള കുത്തും ഏറെ വേദനിപ്പിച്ചു – കോണ്‍ഗ്രസിനെതിരെ പി വി അന്‍വര്‍
20

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിലെ തോൽവിയിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ ഫെയ്‌സ്ബുക് പോസ്റ്റുമായി പി.വി അൻവർ. ചേർത്തുപിടിക്കേണ്ടവരാൽ ചതിക്കപ്പെട്ടുവെന്നും ഇതാണ് തന്റെ നിശബ്ദമായ പിൻമാറ്റത്തിന് കാരണമെന്നും പി.വി അൻവർ പറഞ്ഞു. ‘ചതിച്ചതാര്? ചന്തുതന്നെ. മഷിയിട്ടു നോക്കേണ്ട കാര്യമില്ല’ എന്ന് തുടങ്ങുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കോഴിക്കോട്ടെ കോൺഗ്രസ് നേതൃത്വത്തിനെതിരെയാണ് രൂക്ഷവിമർശനം. ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ എം.എൽ.എ ബേപ്പൂരില തോൽവിയേക്കുറിച്ച് പറഞ്ഞ പ്രസംഗം പങ്കുവെച്ചാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ് ചെയ്തിട്ടുള്ളത്.

“പാളയത്തിലെ ചതിയും പിന്നിൽ നിന്നുള്ള കുത്തും ഏറെ വേദനിപ്പിച്ചു എന്നുള്ളത് സത്യംതന്നെയാണ്. യു.ഡി.എഫിന് കിട്ടിയ 102 സീറ്റിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഒരു വാർഡിലേക്ക് മത്സരിച്ചാൽപോലും കെട്ടിവെച്ച കാശ് തിരികെ ലഭിക്കാൻ സാധ്യതയില്ലാത്ത ബഹുഭൂരിപക്ഷം പേരും വിജയിച്ചത് തന്റെ പോരാട്ടത്തിന്റെ ഫലം കൂടിയായാണ്” – അൻവർ പറയുന്നു.

“പിണറായിസത്തിന്റെ മുഖംമൂടി വലിച്ചുകീറിയാണ് എന്റെ ആരോഗ്യവും ജീവനും സമ്പത്തും വകവക്കാതെയും പരിഗണിക്കാതെയും സ്ഥാനമാനങ്ങൾ ത്യജിച്ചും രാഷ്ട്രീയ ഭാവിക്കുവേണ്ടി ഒട്ടും അഡ്ജസ്റ്റ് ചെയ്യാതെയും പൊതുസമൂഹത്തിന്റെ മുന്നിൽ ഞാൻ തുറന്നു കാണിച്ചത്. അത് മറക്കരുത്” – പോസ്റ്റിൽ പറയുന്നു.

ബേപ്പൂരിൽ 7487 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു മുഹമ്മദ് റിയാസിന്റെ വിജയം. ചതിച്ചതാര്? ചന്തു തന്നെ. മഷിയിട്ടു നോക്കേണ്ട കാര്യമില്ല. ഉത്തരവാദിത്തപ്പെട്ടവർ തന്നെ വിളിച്ചു പറഞ്ഞത് കേട്ടു. ബേപ്പൂരിലെ ജനങ്ങളും സഖാക്കളും എന്നെ വിജയിപ്പിച്ചപ്പോൾ, പരാജയപ്പെടുത്തിയത് ചേർത്തുനിർത്താൻ ബാധ്യതപ്പെട്ടവർ തന്നെ. നിലവിലെ പ്രതിപക്ഷ നേതാവിനും, കുടുംബാംഗങ്ങൾക്കും എതിരെ കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്നുവരുന്ന വാർത്തകൾ എല്ലാവരും കാണുന്നുണ്ടല്ലോ! അതിൽ ഒരാൾ എനിക്കെതിരെ മത്സരിച്ച സ്ഥാനർഥി തന്നെ! ഒന്നരവർഷമായി ഞാൻ നടത്തിയ പോരാട്ടത്തിന്റെ അർഥവും സത്യവും വെളിവാകുന്ന രീതിയിൽ സത്യങ്ങൾ ഓരോന്നായി പുറത്തുവരികയാണ്. ക്രിയാത്മക പ്രതിപക്ഷം എന്ന നിലയിൽ പിണറായിസത്തിനും, മരുമോനിസത്തിനും, കുടുംബാധിപത്യത്തിനും എതിരായി ഞാൻ നടത്തിയ ഒറ്റയാൾ പോരാട്ടം തന്നെയാണ് 102 സീറ്റിന്റെ ഉയരത്തിലേക്ക് ചവിട്ടിക്കയറാൻ യുഡിഎഫിനെ പ്രാപ്തമാക്കിയത്. ആ102 -ൽ എനിക്ക് ഗുരുതുല്യമായവരും, അഭിവന്ദ്യരും സമാദരണീയരുമായ വ്യക്തിത്വങ്ങളുണ്ട്. അവരോടുള്ള ബഹുമാനം നിലനിർത്തിക്കൊണ്ട് തന്നെ പറയട്ടെ,

പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഒരു വാർഡിലേക്ക് മത്സരിച്ചാൽ പോലും കെട്ടിവെച്ച കാശ് തിരികെ ലഭിക്കാൻ സാധ്യതയില്ലാത്ത ബഹുഭൂരിപക്ഷം പേരും വിജയിച്ചത് ഇന്ന് പുറത്തു വന്നുകൊണ്ടിരിക്കുന്ന പിണറായിസത്തിന്റെ മുഖംമൂടി വലിച്ചുകീറി എന്റെ ആരോഗ്യവും ജീവനും സമ്പത്തും വകവക്കാതെയും, പരിഗണിക്കാതെയും, സ്ഥാനമാനങ്ങൾ ത്യജിച്ചും ‘രാഷ്ട്രീയ ഭാവിക്കുവേണ്ടി’ ഒട്ടും ‘അഡ്ജസ്റ്റ്’ ചെയ്യാതെയും പൊതുസമൂഹത്തിന്റെ മുന്നിൽ ഞാൻ തുറന്നു കാണിച്ചത് കൊണ്ടാണ് എന്ന് മറക്കരുത്. പാളയത്തിലെ ചതിയും, പിന്നിൽ നിന്നുള്ള കുത്തും ഏറെ വേദനിപ്പിച്ചു എന്നുള്ളത് സത്യം തന്നെയാണെന്നും പി വി അന്‍വര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *