സംസ്ഥാനത്തിന്റെ കാർഷിക, സാമ്പത്തിക, സാമൂഹിക മേഖലകളിൽ വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള സുപ്രധാന പ്രഖ്യാപനങ്ങളുമായി ബജറ്റ്. റബർ കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും സാധാരണക്കാർക്കും ആശ്വാസം പകരുന്ന ഒട്ടേറെ പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
റബറിന്റെ താങ്ങുവില കിലോഗ്രാമിന് 200 രൂപയിൽ നിന്ന് 250 രൂപയായി ഉയർത്തിയത് കർഷകർക്ക് വലിയ ആശ്വാസമാകും. ക്ഷീരമേഖലയ്ക്കായി 102 കോടി രൂപ വകയിരുത്തി. മൂന്ന് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ പാൽ ഉൽപ്പാദനം പ്രതിദിനം ഒരു കോടി ലിറ്ററായി ഉയർത്താനാണ് ലക്ഷ്യം. യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനായി ഫാം ടൂറിസം പോലുള്ള പദ്ധതികളും ആവിഷ്കരിക്കും.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്മരണാർത്ഥം 25 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചു. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 10 കോടി അനുവദിച്ചു. പ്രിയദർശിനി പദ്ധതിക്കായി 600 കോടിയും, ആശാ വർക്കർമാരുടെ ഓണറേറിയത്തിനായി 78 കോടിയും മാറ്റിവെച്ചു. മത്സ്യമേഖലയ്ക്ക് 50 കോടി അധികം അനുവദിച്ചു. മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക ഭവന പദ്ധതിയും ഇൻഷുറൻസ് പരിരക്ഷ പുതുക്കുന്നതും ബജറ്റിലുണ്ട്. ബോട്ടുകൾക്കുള്ള മണ്ണെണ്ണ സബ്‌സിഡി 75 രൂപയാക്കി വർദ്ധിപ്പിച്ചു.
തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികൾക്ക് 20 കോടി വകയിരുത്തി. നഗരവികസനത്തിനായി ‘അർബൻ ഗ്രോത്ത് മിഷന്’ 100 കോടിയും അനുവദിച്ചു. കൊച്ചി-ആലുവ-പെരുമ്പാവൂർ മേഖലയിൽ ‘ഗ്ലോബൽ ഫർണിച്ചർ ഹബ്ബും’, കൊച്ചി-തൃശൂർ കേന്ദ്രീകരിച്ച് ‘ഗ്ലോബൽ ഗോൾഡ് ഹബ്ബും’ സ്ഥാപിക്കും. പ്രവാസികളെ സംരംഭകരാക്കാൻ ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റും സ്പെഷ്യൽ ഇൻവെസ്റ്റ്‌മെന്റ് സോണുകളും ബജറ്റിൽ ഇടംപിടിച്ചു.
കേരളത്തിന്റെ തനത് ഉൽപ്പന്നങ്ങൾ ആഗോള വിപണിയിലെത്തിക്കാൻ ‘ബ്രാൻഡ് കേരളം’ പദ്ധതി വരുന്നു. കായിക മേഖലയിൽ, പ്രത്യേകിച്ച് ഫുട്ബോളിൽ പുതിയ പ്രതിഭകളെ കണ്ടെത്താൻ പ്രത്യേക പരിശീലന പദ്ധതികളും മലബാറിൽ പുതിയ ഫുട്ബോൾ സ്റ്റേഡിയത്തിനായി 50 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
