Home » Blog » kerala Max » കടലിന്റെ അവകാശം കടലിന്റെ മക്കൾക്ക്’;മത്സ്യത്തൊഴിലാളികൾക്ക് വലിയ ആശ്വാസം; മണ്ണെണ്ണയ്ക്ക് 75 രൂപ സബ്‌സിഡി
18

കടലിന്റെ അവകാശം കടലിന്റെ മക്കൾക്ക്” എന്ന പ്രഖ്യാപനവുമായി തീരദേശ ജനതയ്ക്കും മത്സ്യത്തൊഴിലാളികൾക്കും വലിയ ആശ്വാസമേകുന്ന പദ്ധതികളാണ് സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച ബജറ്റിൽ മണ്ണെണ്ണ സബ്‌സിഡി വർദ്ധനവ് ഉൾപ്പെടെയുള്ള നിർണ്ണായക തീരുമാനങ്ങളിലൂടെ തീരദേശ വികസനത്തിന് ഊന്നൽ നൽകുന്നു.

വർഷങ്ങളായി മത്സ്യത്തൊഴിലാളികൾ ഉന്നയിക്കുന്ന പ്രധാന ആവശ്യമായിരുന്ന മണ്ണെണ്ണ സബ്‌സിഡി ലിറ്ററിന് 75 രൂപയായി ഉയർത്തിയത് മേഖലയ്ക്ക് വലിയ കരുത്താകും. ഇതോടൊപ്പം വർഷങ്ങളായി തീരദേശത്ത് താമസിച്ചിട്ടും രേഖകൾ ലഭിക്കാത്ത പ്രതിസന്ധി പരിഹരിക്കാൻ തീരദേശവാസികൾക്ക് പൂർണ്ണമായി പട്ടയം നൽകുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരം ഉയർത്തുന്നതിനായി അവർക്കായി മാത്രം പ്രത്യേക ഭവന പദ്ധതിയും സർക്കാർ നടപ്പിലാക്കും.

നിരന്തരമായ അപകടങ്ങൾക്കും മരണങ്ങൾക്കും സാക്ഷ്യം വഹിക്കേണ്ടി വന്ന മുതലപ്പൊഴിയിലെ അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരം കാണാൻ ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. തീരദേശത്തെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതോടൊപ്പം മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കും ഉപജീവനമാർഗ്ഗങ്ങൾക്കും മുൻഗണന നൽകുന്ന സമഗ്രമായ വികസനമാണ് ഈ ബജറ്റിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.