Your Image Description Your Image Description

കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പ്രാദേശിക പ്രവര്‍ത്തനത്തില്‍ പുതിയ ചുവടുവെപ്പായി കോഴിക്കോട് വേങ്ങേരിയിലെ ‘മേട’ എന്ന വീടിന് കാര്‍ബര്‍ സന്തുലിത ഭവന പദവി നല്‍കി സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡെവലപ്മെന്റ് ആന്‍ഡ് മാനേജ്മെന്റ് (സിഡബ്ല്യുആര്‍ഡിഎം).കേരളത്തില്‍ ഔദ്യോഗികമായി കാര്‍ബണ്‍ സന്തുലിത പദവി ലഭിക്കുന്ന ആദ്യത്തെ വീടാണിത്. സിഡബ്ല്യുആര്‍ഡിഎം ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ ‘മേട കാര്‍ബണ്‍ സന്തുലിത ഭവന റിപ്പോര്‍ട്ടി’ന്റെ പ്രകാശനം മേയര്‍ ഡോ. ബീന ഫിലിപ്പ് നിര്‍വഹിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ ശാസ്ത്രബോധത്തിന്റെ വിത്ത് പാകിയതെന്ന് മേയര്‍ പറഞ്ഞു. കാലാവസ്ഥ വ്യതിയാന പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഓരോ വ്യക്തിയും തന്റേതായ സംഭാവനകള്‍ നല്‍കണമെന്നും അവര്‍ പറഞ്ഞു.

2050ഓടെ സംസ്ഥാനത്തെ കാര്‍ബണ്‍ സന്തുലിതമാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സിഡബ്ല്യുആര്‍ഡിഎമ്മിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന സെക്ടറല്‍ കാര്‍ബണ്‍ റിഡക്ഷന്‍ പദ്ധതി പ്രകാരമാണ് പഠനം നടന്നത്. കാലാവസ്ഥ വ്യതിയാനമെന്ന ആഗോള പ്രശ്നത്തിന് വ്യക്തിഗത സംരംഭങ്ങളിലൂടെ തീര്‍ക്കുന്ന പ്രതിരോധം എന്ന നിലയിലാണ് ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവര്‍ത്തകനും വേങ്ങേരി നിറവ് റസിഡന്റ്‌സ് അസോസിയേഷന്‍ അംഗവുമായ ഡോ. ബാബു പറമ്പത്ത് 2010-ല്‍ നിര്‍മിച്ചു താമസിച്ചുവരുന്ന ‘മേട’ സിഡബ്ല്യുആര്‍ഡിഎം പഠന വിഷയമാക്കുന്നതും അംഗീകാരം നല്‍കുന്നതും. ഐപിസിസി 2006-ലെ ഹരിതഗൃഹ വാതക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് പഠനം നടത്തിയത്. 2024 ജനുവരിയില്‍ ആരംഭിച്ച പഠനം ഡിസംബറില്‍ പൂര്‍ത്തിയാക്കി.

പരിസ്ഥിതി സമത്വത്തിന്റെയും സുസ്ഥിരതയുടെയും മാതൃകയാണ് മേട എന്നു പഠനത്തിന് നേതൃത്വം നൽകിയ സിഡബ്ല്യുആര്‍ഡിഎം ശാസ്ത്രജ്ഞ ഡോ. കെ വി ശ്രുതി പറഞ്ഞു. വീടിന്റെ ഊര്‍ജ്ജ ഉപയോഗം, ജലനിര്‍ഗമനം, മാലിന്യ നിര്‍മാര്‍ജനം ഭൂവിനിയോഗം, വാഹന ഉപയോഗം എന്നീ പ്രധാന മേഖലകളില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ വിശകലനം ചെയ്താണ് പഠനം നടത്തിയത്. പഠന കാലയളവില്‍ ‘മേട’യില്‍ നിന്ന് 1.06 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പോലുള്ള ഹരിതഗൃഹ വാതകങ്ങള്‍ (tCO2e) പുറത്ത് വിട്ടതായി കണ്ടെത്തി. ഏറ്റവും കൂടുതല്‍ പുറത്തുവിടുന്നത് വാഹന ഉപയോഗ(0.68 tCO2e)ത്തില്‍ നിന്നാണെന്ന് പഠനം കണ്ടെത്തി. മാലിന്യം (0.29 tCO2e), ഊര്‍ജ്ജ ഉപഭോഗം (0.09 tCO2e) എന്നിങ്ങനെ പുറത്തുവിടുന്നതായും കണ്ടെത്തി.

അതേസമയം, മേല്‍ക്കൂരയില്‍ സ്ഥാപിച്ച സൗരോര്‍ജ്ജ പാനല്‍ ഉപയോഗത്തിലൂടെ പരമ്പരാഗത വൈദ്യുതി ഉപയോഗത്തില്‍ നിന്നുള്ള കാര്‍ബണ്‍ പുറംതള്ളല്‍ മേട ഒഴിവാക്കി. വീട്ടിലെ ബയോഗ്യാസ് കമ്പോസിറ്റ് സംവിധാനത്തിലൂടെ അയല്‍പക്കത്തെ മൂന്ന് വീടുകളില്‍ നിന്നുള്ള ജൈവമാലിന്യവും സംസ്‌കരിച്ചുവരുന്നു. ഇതുവഴി മാലിന്യത്തില്‍ നിന്നും വരുന്ന 2.74 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് കുറയ്ക്കാന്‍ സാധിച്ചു. ഇതില്‍ നിന്നും ലഭിക്കുന്ന ജൈവ വളം ഉപയോഗിച്ച് പത്ത് സെന്റ് വീട്ടു വളപ്പില്‍ കൃഷി നടത്തിവരുന്നതും ബാബുവും കുടുംബവും പരിപാലിച്ചു വരുന്ന അനേകം മരങ്ങളും മേടയെ കാര്‍ബണ്‍ സന്തുലിത ഭവനം എന്ന പദവിയിലേക്ക് നയിച്ചു. വീട്ടുവളപ്പിലെ മരങ്ങള്‍ 0.25 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ആകിരണം ചെയ്യുന്നതായും പഠനം കാണിക്കുന്നു. മേടയുടെ കാർബൺ ബഹിർഗമനവും ആകിരണവും സന്തുലിതമായ അവസ്ഥയിലാണ് എന്നതാണ് കാർബൺ സന്തുലിത ഭവന പദവിയിൽ എത്തിച്ചത്.

ചടങ്ങില്‍ സിഡബ്ല്യുആര്‍ഡിഎം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മനോജ് പി സാമുവല്‍ അധ്യക്ഷനായി. ശാസ്ത്രസാഹിത്യ പരിഷത്ത് മുന്‍ പ്രസിഡന്റ് ഡോ. കെ ശ്രീധരന്‍, ശാസ്ത്രജ്ഞരായ ഡോ. ആശിഷ് കെ ചതുര്‍വേദി, ഡോ. കെ വി ശ്രുതി, ഡോ. ബാബു പറമ്പത്ത് എന്നിവര്‍ സംസാരിച്ചു.

Related Posts