Your Image Description Your Image Description

ആലപ്പുഴ : പാട്ട്, ചിത്രരചന, സ്‌പോർട്‌സ് തുടങ്ങി കുട്ടികൾക്കിടയിലെ പലതരം കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന ഏറ്റവും മികച്ച മാതൃകയാണ് ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷന് കീഴിൽ സംഘടിപ്പിക്കുന്ന ചിത്രപ്രദർശനമെന്ന് നിയമസഭ സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷൻ ആലപ്പി ആർട്ട് അക്കാദമി സംഘടിപ്പിച്ച വിദ്യാർഥികളുടെ ചിത്രപ്രദർശനത്തിന്റെ ഉദ്ഘാടനം ആലപ്പുഴ ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓരോ കുട്ടികൾക്കും ജന്മനാ ഓരോ കഴിവുകളാണ്. കയാക്കിംഗ് ഉൾപ്പെടെയുള്ള സ്‌പോർട്‌സ് ഇനങ്ങളിലൂടെയും ഇവിടെ സംഘടിപ്പിച്ചിട്ടുള്ള ചിത്രപ്രദർശനത്തിലൂടെയും വിദ്യാർഥികളുടെ അഭിരുചിക്കനുസരിച്ച് മേഖലകളൊരുക്കാൻ ആലപ്പുഴ ജില്ലാ പഞ്ചായത്തിനായിട്ടുണ്ട്. പഠനം പൂർത്തിയാക്കിയിറങ്ങുന്ന കുട്ടികളെ ഭാവിയിൽ പ്രദേശത്തെ ചുവരുകളിൽ ആലപ്പുഴയുടെ ചരിത്രം പറയുന്ന ചുവർചിത്രങ്ങൾ വരയ്ക്കാൻ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ആര്യാട് ഡിവിഷൻ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആർ റിയാസിനെ പ്രത്യേകം അഭിനന്ദിക്കുന്നതായും സ്പീക്കർ പറഞ്ഞു.

ആലപ്പുഴ ജില്ലാപഞ്ചായത്ത്, ആര്യാട് ഡിവിഷനിൽ ആരംഭിച്ച ആലപ്പി ആർട്ട് അക്കാദമിയുടെ നേത്യത്വത്തിൽ വിദ്യാർഥികളുടെ ദൃശ്യകലാപരമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചിരുന്നു. കലവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രശസ്ത കുറേറ്റർ ബോസ് കൃഷ്ണമാചാരി ഉദ്ഘാടനം നിർവഹിച്ച അവധിക്കാല പരിശീലന കാമ്പിൽ പങ്കെടുത്ത വിദ്യാർഥികളിൽ നിന്നും 30 പേരുടെ ചിത്രങ്ങൾ ചേർത്താണ് ആലപ്പുഴയിൽ പ്രദർശനം സംഘടിപ്പിച്ചത്. എൽപി മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർഥികളാണ് പ്രദർശനത്തിൽ പങ്കെടുക്കുന്നത്.

ആലപ്പുഴ കോടതിപ്പാലത്തിന് സമീപമുള്ള ലളിതകലാ അക്കാദമിയുടെ ആർട്ട് ഗാലറിയിൽ ജൂലൈ ഏഴ് വരെ രാവിലെ 10 മണി മുതൽ വൈകിട്ട് ആറുവരെയാണ് പ്രദർശനം. ചിത്രങ്ങളുടെ വിൽപ്പനയും ഉണ്ടാകും. പദ്ധതിയുടെ ഭാഗമായി ആര്യാട് ഡിവിഷനിലെ എല്ലാ സ്‌കൂളുകളിലും ആർട്ട് ക്ലബ്ബും വില്ലേജ് ആർട്ട് ക്ലബ്ബുകളും രൂപീകരിക്കും. കലവൂർ ഹയർ സെക്കൻഡറി സ്‌കൂളിൽ ആർട്ട് ഗാലറിയുടെ നിർമ്മാണവും പുരോഗമിക്കുകയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *