Your Image Description Your Image Description

കുട്ടനാട്ടിലെ  നെല്ലിന്റെ ഗുണനിലവാരം സംബന്ധിച്ച് മില്ലുടമകളും കർഷകരും തമ്മിലുണ്ടാകുന്ന തർക്കം മേഖലാതല അവലോകനയോഗത്തിൽ ചർച്ചയായി.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്ത്വത്തിൽ മന്ത്രിമാരുടെ സാന്നിധ്യത്തിലാണ് ആലപ്പുഴ ജില്ലയിലെ ഈ പ്രധാനപ്പെട്ട വിഷയം യോഗത്തിൽ
ചർച്ച ചെയ്തത്.

നെല്ല് സംഭരണ വിഷയം ചർച്ചചെയ്യവെ ജില്ലയിൽ നിന്നുള്ള കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിലവിലെ നെല്ല് സംഭരണം സംബന്ധിച്ച് സംസാരിച്ചു . ഇത്തവണ തർക്കത്തെ തുടർന്ന് സംഭരണം മുടങ്ങിയ സ്ഥലത്ത് സർക്കാർ നേരിട്ട് സംഭരണം നടത്തിയതായി മന്ത്രി പറഞ്ഞു. നിലവിൽ ദ്രുത കർമ്മ സേനയെ സംഭരണം തടസ്സമില്ലാതെ പോകുന്നതിന് ചുമതലപ്പെടുത്തിയിട്ടുണ്ട്.

കർഷകർക്കും മില്ലുടമകൾക്കും സ്വീകാര്യമായ ഒരു അംഗീകൃത ഏജൻസിയെ കൊണ്ട് നെല്ലിൻ്റെ ഗുണനിലവാരം ശാസ്ത്രീയമായി പരിശോധിച്ച് നെല്ല് സംഭരണം കുറ്റമറ്റ രീതിയിൽ  നടപ്പിലാക്കുന്നത് സംബന്ധിച്ച്   നിർദ്ദേശവും യോഗത്തിൽ ഉണ്ടായി.

യോഗത്തിൽ മന്ത്രിമാരായ പി പ്രസാദും സജി ചെറിയാനും ജില്ലാ കളക്ടർ അലക്സ് വർഗീസും നെല്ല്  സംഭരണവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക്  ശാശ്വതമായ പരിഹാരം വേണമെന്നും നെല്ലിൻ്റെ    ഗുണനിലവാരം കുറ്റമറ്റ രീതിയിൽ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടു.

*ചെട്ടികാട് ആശുപത്രി: റോഡിന് ഭൂമി ഏറ്റെടുക്കൽ നടപടി വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം*

ചെട്ടികാട് താലൂക്കാശുപത്രിക്കായി പണികഴിപ്പിക്കുന്ന ബഹുനില കെട്ടിടത്തിൻ്റെ മുൻവശത്ത് റോഡിന് വീതി കൂട്ടുന്നതിന് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കവും യോഗത്തിൽ ചർച്ച ചെയ്തു. തർക്കം എത്രയും പെട്ടെന്ന് പരിഹരിക്കുവാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഭൂഉടമകൾ അനാവശ്യമായി തുക കൂട്ടി ചോദിക്കുന്നതായി ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. ഭൂമി ഏറ്റെടുക്കൽ നിയമ പ്രകാരം നടപടികൾ മുന്നോട്ട് കൊണ്ടു പോകുവാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Related Posts