‘കാന്താര’ സിനിമയിലെ ദൈവക്കോലത്തെ വികലമായി അനുകരിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതിയുടെ നിർദേശപ്രകാരം നടൻ രൺവീർ സിങ് മൈസൂരു ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ ദർശനം നടത്തി. ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് താരം ക്ഷേത്രത്തിലെത്തി പ്രാർത്ഥനകൾ നടത്തിയത്.
കഴിഞ്ഞ നവംബറിൽ ഗോവയിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപന ചടങ്ങിലാണ് വിവാദത്തിനാസ്പദമായ സംഭവം നടന്നത്. കാന്താരയിലെ നായകൻ ഋഷഭ് ഷെട്ടിയുടെ സാന്നിധ്യത്തിൽ ദൈവക്കോലത്തെ രൺവീർ സിങ് അനുകരിച്ചിരുന്നു. മതവികാരം വ്രണപ്പെടുത്തിയെന്നും ചാമുണ്ഡി ദേവിയെ അധിക്ഷേപിച്ചെന്നും ആരോപിച്ച് ബെംഗളൂരുവിലെ അഭിഭാഷകൻ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് രൺവീർ സിങ് ഹൈക്കോടതിയെ സമീപിക്കുകയും നിരുപാധികം മാപ്പുപറയാൻ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തു. മാപ്പപേക്ഷിച്ചുകൊണ്ടുള്ള സത്യവാങ്മൂലം നൽകിയതിനെത്തുടർന്ന് കഴിഞ്ഞ മാസം കോടതി കേസ് തള്ളിയിരുന്നു. നാലാഴ്ചയ്ക്കുള്ളിൽ ചാമുണ്ഡി ക്ഷേത്രം സന്ദർശിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു.
