ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് പടരുന്ന സാഹചര്യത്തിൽ ബെംഗളൂരു വിമാനത്താവളത്തിൽ ഉയർന്ന എബോള ഭീതി ഒഴിഞ്ഞു. ഉഗാണ്ടയിൽ നിന്നെത്തിയ യുവതിക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. യുവതിയുടെ പ്രാഥമിക പരിശോധനാ ഫലം നെഗറ്റീവാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയിൽ നിലവിൽ ആർക്കും എബോള സ്ഥിരീകരിച്ചിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
മേയ് 23-നാണ് 28 വയസ്സുള്ള ഉഗാണ്ടൻ സ്വദേശിനിയായ യുവതി ബെംഗളൂരു വിമാനത്താവളത്തിൽ എത്തിയത്. വിമാനത്താവളത്തിലെ പരിശോധനയിൽ കടുത്ത പനിയില്ലെങ്കിലും കടുത്ത ക്ഷീണം പ്രകടമായതിനെത്തുടർന്ന് അധികൃതർ മുൻകരുതൽ നടപടിയായി ഇവരെ നിരീക്ഷണത്തിലാക്കുകയായിരുന്നു. പിന്നീട് ശരീരവേദന അനുഭവപ്പെട്ടതോടെ ഇന്ദിരാനഗറിലെ പകർച്ചവ്യാധി ആശുപത്രിയിലെ പ്രത്യേക ഐസൊലേഷൻ വാർഡിലേക്ക് ഇവരെ മാറ്റി
യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്. സാമ്പിളുകൾ പൂണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിട്ടുണ്ട്. ഔദ്യോഗിക റിപ്പോർട്ടുകൾ കൂടി വന്ന ശേഷം മാനദണ്ഡങ്ങൾ അനുസരിച്ച് തുടർപരിശോധനകൾ ആവശ്യമുണ്ടോ എന്ന് തീരുമാനിക്കും. എബോള ബാധിച്ച ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് എത്തുന്നവരെ കർശനമായ സ്ക്രീനിംഗിന് വിധേയമാക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
