Home » Blog » kerala Max » കാണം വിറ്റും ഓണം ഉണ്ണണം; 2200 കോടി രൂപ കൂടി കടമെടുക്കുന്നു!ഓണക്കാലച്ചെലവിനായി കേരളം വീണ്ടും കടത്തിലേക്ക്
vd-sathees

ഓണക്കാലത്തെ വലിയ ചെലവുകൾ നേരിടാൻ കേരളം വീണ്ടും വായ്പയിലേക്ക് തിരിയുന്നു. ശമ്പളം, പെൻഷൻ, ക്ഷേമപെൻഷൻ, ബോണസ്, ഉത്സവബത്ത എന്നിവയെല്ലാം ഉൾപ്പെടെ ഏകദേശം 10,000 കോടി രൂപയാണ് ഈ ഓണക്കാലത്ത് സർക്കാരിന് പ്രതീക്ഷിക്കുന്ന മൊത്തം ചെലവ്. ഈ പ്രതിസന്ധി മറികടക്കുന്നതിനായി സർക്കാർ പുതുതായി 2200 കോടി രൂപ കൂടി കടമെടുക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതിനായുള്ള കടപ്പത്രലേലം ചൊവ്വാഴ്ച നടക്കും.

ഈ പുതിയ വായ്പ കൂടി ചേരുന്നതോടെ യു.ഡി.എഫ്. സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള ആകെ കടമെടുപ്പ് 14,400 കോടി രൂപയായി ഉയരും. കടമെടുപ്പ് പരിധി കൂട്ടണമെന്ന് ആവശ്യപ്പെട്ട് സർക്കാർ കേന്ദ്രത്തോട് അഭ്യർത്ഥിച്ചിരുന്നെങ്കിലും അത് അനുവദിക്കാൻ സാധ്യതയില്ലെന്നാണ് ലഭിക്കുന്ന വിവരം. വായ്പയ്ക്ക് പുറമെ ഖജനാവിലെ പണത്തിന്റെ ഞെരുക്കം പരിഹരിക്കുന്നതിനായി ട്രഷറിയിൽ സെപ്റ്റംബർ 30 വരെ പ്രത്യേക നിക്ഷേപസമാഹരണവും ആരംഭിച്ചിട്ടുണ്ട്.

രണ്ടോ അതിൽക്കൂടുതലോ വർഷത്തേക്ക് സ്ഥിരനിക്ഷേപം നടത്തുന്നവർക്ക് കൂടുതൽ പലിശ നൽകാനാണ് തീരുമാനം. ഇതനുസരിച്ച് പുതുതായുള്ള നിക്ഷേപങ്ങൾക്ക് പൊതുജനത്തിന് 7.75 ശതമാനവും മുതിർന്ന പൗരർക്ക് 8 ശതമാനവും സ്ഥാപനങ്ങളുടെ നിക്ഷേപങ്ങൾക്ക് 7.65 ശതമാനവും പലിശ ലഭിക്കും. സെപ്റ്റംബർ 30-ന് ശേഷമുള്ള നിക്ഷേപങ്ങൾക്ക് പഴയ നിരക്ക് മാത്രമായിരിക്കും ബാധകമാവുക.

എങ്കിലും ഒരു വർഷം അധികമായി സ്വീകരിക്കുന്ന നിക്ഷേപം സംസ്ഥാനത്തിന്റെ കടമായിക്കണ്ട് അടുത്ത വർഷത്തെ വായ്പാ പരിധിയിൽ തുല്യമായ തുക കേന്ദ്രം കുറയ്ക്കും എന്നതിനാൽ ട്രഷറി നിക്ഷേപം തത്കാലത്തേക്കുള്ള ഒരു ആശ്വാസം മാത്രമായാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.