മാസപ്പടി കേസിൽ ടി.വീണയുടെ പങ്കാളിത്തം തേടി കോഴിക്കോട്ടെ വിവിധ സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വീണ്ടും റെയ്ഡ് നടത്തിയത് രാഷ്ട്രീയ കേരളത്തിൽ വലിയ കോലാഹലത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. ഈ അന്വേഷണത്തിലൂടെ വീണ്ടും മുൻനിരയിലേക്ക് വന്നിരിക്കുന്നത് ‘ലേക്കർ ഇന്ത്യ കോർപ്’ എന്ന ദുരൂഹ സ്ഥാപനമാണ്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ ടി.വീണയുടെ പാർട്ണർഷിപ്പിൽ കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ സ്ഥാപനം ഇ.ഡി റെയ്ഡോടെയാണ് പുറംലോകം അറിയുന്നത് തന്നെ. കഴിഞ്ഞ മേയ് 27-ന് വീണയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ലേക്കർ ഇന്ത്യ കോർപിന്റെ അക്കൗണ്ടിൽ 15,57,414 രൂപയുണ്ടെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു. 2023-ൽ ആരംഭിച്ച ഈ സ്ഥാപനം വീണയുടെ പേരിൽ തന്നെയാണ് പാർട്ണർഷിപ്പ് അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കോഴിക്കോട് പന്തീരാങ്കാവിലെ മണക്കടവ് റോഡിലെ കൊടൽ നടക്കാവ് 7/451 വിലാസത്തിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. ഓഫീസ്, വെയർഹൗസ്, ഡിപ്പോ, റീട്ടെയ്ൽ ബിസിനസ്, ഹോൾസെയ്ൽ ബിസിനസ് എന്നിങ്ങനെയാണ് രേഖകളിൽ രേഖപ്പെടുത്തിയിരിക്കുന്നതെങ്കിലും, ഇവിടെ മെഡിക്കൽ ഉപകരണങ്ങൾ അടക്കമുള്ളവയുടെ വിതരണമാണ് പ്രധാനമായും നടക്കുന്നതെന്നാണ് ഇ.ഡി അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഇന്നലെ ഇ.ഡി പരിശോധന നടത്തിയ സർജിക്കൽസ് കമ്പനിയുടെ ഉടമ ഈ സ്ഥാപനത്തിൽ പങ്കാളിയാണെന്ന വിവരമാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഇവിടേക്ക് എത്തിച്ചത്. തുടർന്ന് ഇയാളുടെ സ്ഥാപനത്തിലും വീട്ടിലും അടുത്ത ബന്ധുവിന്റെ പങ്കാളിത്തത്തിലുള്ള മറ്റൊരു സ്ഥാപനത്തിലും ഇ.ഡി പരിശോധന വ്യാപിപ്പിക്കുകയായിരുന്നു.
സേവനങ്ങളൊന്നും നല്കാതെ എക്സാലോജിക് കമ്പനിക്ക് കരിമണൽ കമ്പനിയിൽ നിന്ന് മാസപ്പടി ലഭിച്ചെന്ന വിവരങ്ങൾ പുറത്തുവന്നതോടെയാണ് വീണയുമായി ബന്ധപ്പെട്ട മറ്റ് സ്ഥാപനങ്ങളിലേക്കും പങ്കാളികളിലേക്കും അന്വേഷണം നീണ്ടത്. വളരെ രഹസ്യമായി കോഴിക്കോട് കേന്ദ്രീകരിച്ച് നടന്നിരുന്ന ബിസിനസ് ഇടപാടുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഓരോന്നായി പുറത്തുവരുന്നത് കേസിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നുണ്ട്. രാഷ്ട്രീയ വൃത്തങ്ങളിലും പൊതുസമൂഹത്തിലും ഒരുപോലെ വലിയ ചർച്ചയായി മാറിയിരിക്കുകയാണ് ഈ പുതിയ വെളിപ്പെടുത്തലുകൾ.
