
മോസ്കോ: യുക്രൈൻ ഡ്രോൺ ആക്രമണത്തെ തുടർന്ന് തീപ്പിടിച്ച ലൈബീരിയൻ പതാകയുള്ള എണ്ണക്കപ്പലിൽനിന്ന് 23 ഇന്ത്യൻ ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. ചൊവ്വാഴ്ച റഷ്യൻ കരിങ്കടൽ തീരത്താണ് ‘അഫ്രാമാക്സ് റിയോ’ എന്ന എണ്ണക്കപ്പലിന് തീപ്പിടിച്ചത്. കപ്പലിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരും ഇന്ത്യക്കാരായിരുന്നെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും റഷ്യൻ ഗതാഗത മന്ത്രാലയം അറിയിച്ചു.
അഗ്നിരക്ഷാസേന ഉൾപ്പെടെയുള്ള സംഘം അടിയന്തര രക്ഷാപ്രവർത്തനം നടത്തിയാണ് കപ്പലിലുണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തെത്തിച്ചത്. റഷ്യയിലെ തെക്കൻ ക്രാസ്നോദാർ മേഖലയിലെ സിറിയസ് ഫെഡറൽ ടെറിട്ടറിയുടെ തീരത്തായിരുന്നു സംഭവം. കപ്പലിന് തീപ്പിടിച്ചതിനെ തുടർന്ന് സമീപത്തെ ബീച്ചുകൾ അടച്ചു. രക്ഷാപ്രവർത്തനം തുടരുന്നതിനിടെ തീരപ്രദേശത്തേക്കുള്ള പ്രവേശനത്തിനും നിയന്ത്രണം ഏർപ്പെടുത്തി.
2022ൽ റഷ്യ-യുക്രൈൻ യുദ്ധം ആരംഭിച്ചതിന് പിന്നാലെ കരിങ്കടലിലും സമീപപ്രദേശങ്ങളിലും വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം റൊമാനിയൻ തീരത്തിന് സമീപം യുക്രൈനിലേക്ക് ചരക്കുമായി പോയ ധാന്യക്കപ്പലുകൾക്ക് നേരെയും റഷ്യ ആക്രമണം നടത്തിയിരുന്നു.
