Your Image Description Your Image Description

ക്ഷീരകർഷകർ പലപ്പോഴും പശു പ്രസവിക്കുമ്പോൾ മൂരിക്കുട്ടി ആയിപ്പോയല്ലോ എന്ന് സങ്കടംപറയാറുണ്ട്.
കാലിത്തൊഴുത്തിൽ ഇന്നും പശുക്കുട്ടികളുടെ ജനനം കർഷകന് ഏറെ സന്തോഷം നൽകുന്ന സമയമാണ്. ഇതിനായി ഇപ്പോൾ ലിംഗനിർണയം നടത്തിയ ബീജമാത്രകൾ ഉപയോഗിച്ചുള്ള കൃത്രിമ ബീജാധാനം പ്രചാരം ഏറി വരികയാണ് ‘ഇത്തരം ബീജമാത്രകൾ ഉപയോഗിക്കുന്നതിലൂടെ 90% കൃത്യതയോടുകൂടി പശുക്കുട്ടികളെ ഉത്പാദിപ്പിക്കുവാൻ സാധിക്കുന്നു. ക്ഷീരോൽപാദന മേഖലയിലെ ഒരു സുപ്രധാന കാൽവെയ്പ്പാണിത്.

ഫ്ലൊസൈറ്റോമെട്രി എന്ന സാങ്കേതിക വിദ്യയിലൂടെയാണ് ഉയർന്ന ജനിതക മൂല്യമുള്ള വിത്തുകാളകളിൽ നിന്ന് മൂരിക്കുട്ടി ജനിക്കാൻ സഹായിക്കുന്ന y ക്രോമസോം വേർതിരിക്കുന്നത് .y ക്രോമസോമിനെ അപേക്ഷിച്ചു x ക്രോമസോമിന് 3.8% ഡി .എൻ .എ കൂടുതലാണ്.
ലിങ്ക് നിർണയം നടത്തിയ ബീജമാത്രകളുടെ ഉത്പാദനത്തിന്റെ ഓരോ പ്രക്രിയയും ആഗോളതലത്തിൽ കുറച്ചു കമ്പനികളുടെ ഉടമസ്ഥതയിലുള്ളതും വളരെ സ്പെഷ്യൽ ഐറ്റം സോർട്ടിങ് മെഷീനുകളും ഉയർന്ന പേറ്റന്റ് ഉള്ള സാങ്കേതികവിദ്യയും ആവശ്യമായതിനാലും ഈ പ്രക്രിയ ഏറെ ചിലവേറിയതാണ്. സെക്കൻഡിൽ 10000 മുതൽ 20,000 വരെ ബീജങ്ങളെ വേർതിരിക്കാനായി സാധിക്കും

ഇപ്രകാരം ലിംഗനിർണയം നടത്തിയ ബീജമാത്രകൾ ഉപയോഗിക്കുന്നത് കൊണ്ടുള്ള ക്ഷീര മേഖലയിലെ സാധ്യതകൾ ഏറെയാണ്. ക്ഷീര കർഷകരുടെ വരുമാനം മെച്ചപ്പെടുന്നു; ലഭ്യമായ തീറ്റയുടെയും കാലിത്തീറ്റ വിഭവങ്ങളുടെയും മികച്ച ഉപയോഗം സാധ്യമാകുന്നു. പശുക്കിടാങ്ങൾ മാത്രം ലഭിക്കുന്നത് വഴി സംസ്ഥാനത്തിന്റെ പാൽ ഉൽപാദനത്തിൽ ഗണ്യമായ വളർച്ച ഉണ്ടാവുന്നതാണ്. ലിംഗനിർണയം നടത്തിയ ബീജമാത്രകൾ ഉപയോഗിക്കുമ്പോൾ ജനിക്കുന്ന കിടാങ്ങളിൽ 10 ൽ 9 എണ്ണവും( 90%) പശുക്കിടാങ്ങൾ മാത്രം ഉണ്ടാകുന്നതു മൂലം ഗുണമേന്മയുള്ള കൂടുതൽ പശുക്കളെ കുറഞ്ഞ സമയം കൊണ്ട് ഉത്പാദിപ്പിക്കുവാനും സാധിക്കുന്നു വേഗത്തിലുള്ള ജനിതക വളർച്ച കൂടി ഇതുവഴി ഉറപ്പാക്കുന്നു.

ലിംഗനിർണയം നടത്തിയ ഓരോ ഡോസിലും ഉള്ള ബീജാണുക്കളുടെ എണ്ണത്തിലുള്ള കുറവ് കാരണം സാധാരണത്തെക്കാൾ ഗർഭധാരണ നിരക്ക് കുറയാറുണ്ട്.
ആയതിനാൽ
ഉരുക്കളുടെ തിരഞ്ഞെടുപ്പ് , കൃത്യമായ മദി ഘട്ടത്തിൽ തന്നെ ബീജാധാനം പ്രാവർത്തികമാക്കാൻ ശ്രദ്ധിക്കണം.
ബീജാദാനം ചെയ്യുന്നതിനായി പൂർണ ആരോഗ്യമുള്ള കിടാരികളെയോ ആദ്യ മൂന്നു പ്രസവം വരെയുള്ള 10 മുതൽ 20 ലിറ്റർ പാലുള്ള പശുക്കളെയോ ആണ് തിരഞ്ഞെടുക്കുക.

ലിംഗനിർണയം നടത്തിയ ബീജമാത്രകൾ ഉപയോഗിക്കുന്നതിന്റെ പ്രധാന ലക്ഷ്യങ്ങൾ:- 90% കൃത്യതയോടെ പശു കുട്ടികളുടെ ഉത്പാദനത്തിനായി ഇത്തരം ബീജമാത്രകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാവുന്നതാണ് .പാൽ ഉത്പാദനവും കർഷകരുടെ വരുമാനവും വർദ്ധിപ്പിക്കുന്നതിനും ഉയർന്ന ജനിതകമൂല്യമുള്ള പശുക്കളെ ഉത്പാദിപ്പിക്കുകയും സാധ്യമാകും.

ഇപ്രകാരം ലിങ്കനിർണയം നടത്തിയ ബീജമാത്രകൾ ഉപയോഗിച്ച് തങ്ങളുടെ പശുവിന് ബീജാധാനം നടത്തുവാൻ ആഗ്രഹിക്കുന്ന എല്ലാ ക്ഷീരകർഷകരും ഇതിനായി മൃഗാശുപത്രിയിൽ
രജിസ്റ്റർ ചെയ്യേണ്ടതാണ്.
എറണാകുളം ജില്ലയിലെ 25 തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങൾ വഴി ഈ പദ്ധതി നടത്തി വരുന്നുണ്ട്. ആവശ്യക്കാർക്ക് അനുസരിച്ച് മറ്റു മൃഗാശുപത്രികളിലും ഈ പദ്ധതി നടപ്പിലാക്കും. ജില്ലയിൽ വെറ്ററിനറി പോളിക്ലിനിക്ക്; മൂവാറ്റുപുഴ; വി.എച്ച് കളായ കോതമംഗലം; കൂത്താട്ടുകുളം; വാളകം, ആലങ്ങാട്, വി.ഡികളായ എടക്കാട്ടുവയൽ, ചെറായി, കൊമ്പനാട്, മുടക്കുഴ, പുത്തൻവേലിക്കര, കീഴ്മാട്, അരയൻകാവ്, മലയാറ്റൂർ, പനങ്ങാട്, വെറ്ററിനറി സബ്സെൻ്ററുകളായ നെല്ലാട്, തുരുത്തി, പല്ലാരിമംഗലം, എടവൂർ, ഇരിങ്ങോൾ, ഉപ്പുകണ്ടം, പോത്താനിക്കാട്, കുത്തു കുഴി, പെരുനീർ, ജോൻപ്പടി എന്നിവിടങ്ങളിൽ ഈ പദ്ധതി നിലവിൽ നടപ്പിലാക്കി വരുന്നു

കേന്ദ്രസർക്കാറിൻ്റെ രാഷ്ട്രീയഗോകുൽ മിഷൻ പദ്ധതിയുടെ കീഴിൽ പശുക്കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കാനും അതുവഴി പാലുൽപാദനം കൂടുതൽ മെച്ചപ്പെടുത്താനും വേണ്ടി ആവിഷ്കരിച്ച പദ്ധതിയാണിത്. ലിംഗനിർണ്ണയം നടത്തിയ ബീജ മാത്രകൾ ഉപയോഗിച്ചുള്ള ആക്സലറേറ്റഡ് ബ്രീഡ് ഇംപ്രൂവ്മെൻ്റ് (ABIP-SS) പ്രോഗ്രാമാണിത്. കേന്ദ്ര_ സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ അത്യുൽപാദന ശേഷിയുള്ള ലിംഗ നിർണയം( sex sorted semen) നടത്തിയ ബീജ മാത്രകൾ
കേരളാ ലൈവ് സ്റ്റോക്ക് ഡവലപ്പ്മെൻ്റ് ബോർഡാണ് വിതരണം നടത്തുന്നത്. ക്ഷീരകർഷകൻ രണ്ട് കുത്തി വെയ്പ്പുകൾ നടത്തുന്നതിനുവേണ്ടി 500 രൂപ അടക്കേണ്ടതാണ് രണ്ടു കുത്തിവെപ്പുകൾക്ക് ശേഷവും ഗർഭധാരണം നടന്നില്ലെങ്കിൽ കർഷകർക്ക് കെ. എൽ. ഡി ബോർഡ് 500 രൂപ തിരികെ നൽകുന്നതാണ്. ഈ പദ്ധതിയുടെ കീഴിൽ ജനിക്കുന്ന എല്ലാ കന്നു കുട്ടികളെയും 15 ദിവസത്തിനുള്ളിൽ തന്നെ ഭാരത് പശുധാൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതും മികച്ച വെറ്റിനറി സർവീസുകൾ ലഭിക്കുന്നതുമാണ്.
ഭാരത് പശുധാൻ പോർട്ടലിൽ ലഭിക്കുന്ന രേഖകളുടെ അടിസ്ഥാനത്തിൽ എഐ സാങ്കേതിക വിദഗ്ധർക്കുള്ള ഇൻസെന്റീവുകൾ ലഭ്യമാക്കുന്നതാണ്.
മികച്ച കർഷകരുടെ അതുൽപാദനശേഷിയുള്ള പശുക്കളിൽ ഉയർന്ന ജനിതക മൂല്യമുള്ള പ്രീമിയം ബീജം ഉപയോഗിച്ച് മികച്ച ജനിതക ശേഷിയുള്ള പശുക്കുട്ടികളെ ഉത്പാദിപ്പിക്കുകയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts