Home » Blog » kerala Max » കണ്ണൂരിൽ എൽ.പി.ജി ടാങ്കറും സിമന്റ് ലോറിയും കൂട്ടിയിടിച്ചു; വൻ ദുരന്തം ഒഴിവായി, ഡ്രൈവറെ സാഹസികമായി രക്ഷപ്പെടുത്തി
accident-680x450

കണ്ണൂർ: പയ്യന്നൂർ കണ്ടോത്ത് ദേശീയപാതയിൽ എൽ.പി.ജി ടാങ്കറും സിമന്റ് ബൾക്കറും കൂട്ടിയിടിച്ച് അപകടം. ബുധനാഴ്ച (18-11-26) പുലർച്ചെയുണ്ടായ അപകടത്തിൽ ടാങ്കറിന്റെ ഡ്രൈവർ വാഹനത്തിനുള്ളിൽ കുടുങ്ങി. പയ്യന്നൂരിൽ നിന്നെത്തിയ അഗ്നിരക്ഷാസേന ഏറെ നേരം പരിശ്രമിച്ചാണ് ഡ്രൈവറെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. പയ്യന്നൂർ ഭാഗത്തുനിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന എൽ.പി.ജി ടാങ്കറും മംഗലാപുരം ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന സിമന്റ് ബൾക്കറുമാണ് കൂട്ടിയിടിച്ചത്.

ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട എൽ.പി.ജി ടാങ്കർ റോഡരികിലെ ചായക്കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വിവരമറിഞ്ഞ് സ്റ്റേഷൻ ഓഫീസർ സി.പി. രാജേഷിന്റെ നേതൃത്വത്തിൽ പയ്യന്നൂർ ഫയർ ആൻഡ് റെസ്ക്യൂ സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ടാങ്കറിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ സുരക്ഷിതമായി പുറത്തെടുത്തു. അപകടത്തിൽ നേരിയ പരിക്കേറ്റ സിമന്റ് ബൾക്കറിന്റെ ഡ്രൈവറെയും ടാങ്കർ ഡ്രൈവറെയും ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു.

അപകടസമയത്ത് ടാങ്കറിൽ എൽ.പി.ജി നിറച്ചിരുന്നെങ്കിലും വാതകച്ചോർച്ചയുണ്ടായില്ല. ഇത് വലിയ ദുരന്തം ഒഴിവാകാൻ കാരണമായി. അപകടത്തെ തുടർന്ന് പ്രദേശത്ത് കൂടുതൽ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. ഐ.ഒ.സി അധികൃതർ സ്ഥലത്തെത്തിയ ശേഷം ക്രെയിൻ ഉപയോഗിച്ച് ടാങ്കർ മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അഗ്നിരക്ഷാസേന അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *