ഒപ്പോയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ നിരയായ F33 സീരീസ് കേരള വിപണിയിൽ അവതരിപ്പിച്ചു. F33 Pro 5G, F33 5G എന്നീ രണ്ട് മോഡലുകളാണ് വിൽപനയ്ക്കെത്തിയിരിക്കുന്നത്. സ്മാർട്ട്ഫോൺ വിപണിയിലെ തന്നെ ഏറ്റവും കരുത്തുറ്റ വാട്ടർപ്രൂഫ് സംവിധാനമാണ് ഈ സീരീസിന്റെ പ്രധാന ആകർഷണം. IP69K, IP68, IP66 സർട്ടിഫിക്കേഷനുകളോടെ എത്തുന്ന ഈ ഫോണുകൾക്ക് 85 ഡിഗ്രി സെൽഷ്യസ് വരെയുള്ള ചൂടുവെള്ളത്തെയും അതിശക്തമായ വാട്ടർ ജെറ്റുകളെയും പ്രതിരോധിക്കാൻ സാധിക്കും. 12 മണിക്കൂർ വരെ വെള്ളത്തിനടിയിൽ കിടന്നാലും ഫോണിന് കേടുപാടുകൾ സംഭവിക്കില്ലെന്ന് കമ്പനി അവകാശപ്പെടുന്നു.
ക്യാമറ പ്രേമികൾക്കായി 50 മെഗാപിക്സലിന്റെ അൾട്രാ-വൈഡ് സെൽഫി ക്യാമറയാണ് F33 Pro 5G-യിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗ്രൂപ്പ് സെൽഫികൾ എടുക്കുമ്പോൾ ആരെയും ഒഴിവാക്കാതെ എല്ലാവരെയും ഉൾപ്പെടുത്താൻ സഹായിക്കുന്ന ‘എഐ ഗ്രൂപ്പ്ഫി’ സാങ്കേതികവിദ്യ ഇതിലുണ്ട്. കൂടാതെ, മുന്നിലെയും പിന്നിലെയും ക്യാമറകൾ ഒരേസമയം ഉപയോഗിച്ച് റെക്കോർഡ് ചെയ്യാവുന്ന ‘ഡ്യൂവൽ-വ്യൂ വീഡിയോ’ സംവിധാനം വ്ലോഗർമാർക്കും കണ്ടന്റ് ക്രിയേറ്റർമാർക്കും ഏറെ ഉപകാരപ്പെടും. പഴയ മോഡലുകളെ അപേക്ഷിച്ച് 30 ശതമാനം കൂടുതൽ ഏരിയ ഉൾക്കൊള്ളാൻ ഈ ക്യാമറയ്ക്ക് സാധിക്കും.
ഫോണിന്റെ കരുത്ത് വർദ്ധിപ്പിക്കാനായി 7000 mAh-ന്റെ വമ്പൻ ബാറ്ററിയാണ് ഒപ്പോ നൽകിയിരിക്കുന്നത്. പുതിയ കളർഒഎസ് 16 (ColorOS 16), അതിവേഗ ഇന്റർനെറ്റിനായി 5ജി++ കണക്റ്റിവിറ്റി എന്നിവയും ഈ സ്മാർട്ട്ഫോണുകളുടെ പ്രത്യേകതയാണ്. മഴ, ആവി, ക്ലീനിംഗ് ലോഷനുകൾ തുടങ്ങി നിത്യജീവിതത്തിലെ മുപ്പതിലധികം വെല്ലുവിളികളെ ചെറുക്കാൻ ശേഷിയുള്ള ഈ ഫോൺ നിലവിൽ സ്മാർട്ട്ഫോൺ വിപണിയിലെ ഏറ്റവും സുരക്ഷിതമായ മോഡലുകളിൽ ഒന്നായി മാറിക്കഴിഞ്ഞു.
