
ഐപിഎലിലെ ഇംപാക്ട് പ്ലെയര്‍ നിയമത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ചെന്നൈ സൂപ്പര്‍ കിങ്സ് താരം സുരേഷ് റെയ്ന രംഗത്ത്. ഈ നിയമം ബൗളര്‍മാരുടെ ജോലി കൂടുതല്‍ ദുഷ്കരമാക്കിയെന്നും ബാറ്റ്സ്മാന്മാര്ക്ക് അനാവശ്യ മുന്‍തൂക്കം നല്‍കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയുടെ പോഡ്കാസ്റ്റിലാണ് റെയ്ന ഇക്കാര്യം വ്യക്തമാക്കിയത്.
ഇംപാക്ട് പ്ലെയര്‍ നിയമം മൂലം ടീമുകള്‍ അനായാസം 200 മുതൽ 300 റണ്‍സ് വരെ സ്കോര്‍ ചെയ്യുന്ന സ്ഥിതിയാണുള്ളതെന്ന് റെയ്ന ചൂണ്ടിക്കാട്ടി. കൂടുതല്‍ ബാറ്റ്സ്മാന്മാര് ഉണ്ടാകുമ്പോള്‍ അത് ബൗളര്‍മാരുടെ മേല്‍ വലിയ സമ്മര്‍ദ്ദമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. 2023-ല്‍ അവതരിപ്പിച്ച ഈ നിയമം ബാറ്റ്സ്മാന്മാരുടെ ഭാഗത്തേക്ക് വിജയസാധ്യത കാര്യമായി മാറ്റിയെന്നും ഓള്‍റൗണ്ടര്‍മാരുടെ പ്രാധാന്യം കുറച്ചുവെന്നും അദ്ദേഹം വിലയിരുത്തി.
അതേസമയം, സജീവ ഇന്ത്യന്‍ താരങ്ങള്‍ വിദേശ ഫ്രാഞ്ചൈസി ടി20 ലീഗുകളില്‍ കളിക്കുന്നത് തടഞ്ഞ ബിസിസിഐയുടെ തീരുമാനത്തെ റെയ്ന പിന്തുണച്ചു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഇപ്പോള്‍ ലോകം ഭരിക്കുന്ന ഒന്നായി വളര്‍ന്നുകഴിഞ്ഞതിനാല്‍, നമ്മുടെ താരങ്ങള്‍ മറ്റ് ലീഗുകളില്‍ കളിക്കേണ്ടതില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിജയകരമായ താരങ്ങളില്‍ ഒരാളായ റെയ്ന, ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പം മൂന്ന് തവണ കിരീടം ചൂടിയിട്ടുണ്ട്.
