
കർണാടകയിലെ തുംകുരുവിൽ അഞ്ചു വയസുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ നാട്ടുകാരായ സ്ത്രീകൾ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു. തുംകുരു താലൂക്കിലെ അരകേരെ ഗ്രാമത്തിലാണ് സംഭവം അരങ്ങേറിയത്. സാഹിൽ എന്ന യുവാവാണ് ക്രൂരകൃത്യത്തിന് ശ്രമിച്ചതിനെ തുടർന്ന് നാട്ടുകാരുടെ പിടിയിലായത്.
പ്രലോഭിപ്പിച്ച് വീട്ടിൽ നിന്നിറിക്കിക്കൊണ്ടുപോയ പ്രതി കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട പ്രദേശത്തെ സ്ത്രീകൾ ഉൾപ്പെടെയുള്ള നാട്ടുകാർ ഒത്തുകൂടി സാഹിലിനെ പിടികൂടുകയായിരുന്നു. തുടർന്ന് രോഷാകുലരായ സ്ത്രീകൾ പ്രതിയെ സമീപത്തെ മരത്തിൽ കെട്ടിയിട്ട് ചെരിപ്പുകൊണ്ടും ബെൽറ്റ് കൊണ്ടും കൈയേറ്റം ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ വൻതോതിൽ പ്രചരിക്കുന്നുണ്ട്.
സംഭവമറിഞ്ഞ് ഉടൻതന്നെ സ്ഥലത്തെത്തിയ പൊലീസ് സംഘം സാഹിലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഞ്ച് വയസുകാരിയെ ഉടൻതന്നെ തുംകുരു ജില്ലാ ആശുപത്രിയിൽ എത്തിച്ച് തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. തുംകുരു വനിതാ പൊലീസ് സ്റ്റേഷനിൽ പ്രതിക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്നും സംഭവത്തിൽ സമഗ്രവും ഊർജ്ജിതവുമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
