Your Image Description Your Image Description

കൊല്‍ക്കത്ത: ഐപിഎല്ലിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നാണക്കേടിന്‍റെ റെക്കോര്‍ഡിട്ട് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ് പേസര്‍ ഷാർദുൽ താക്കൂർ. ഇന്നലെ കൊല്‍ക്കത്തക്കെതിരായ നടന്ന മത്സരത്തില്‍ ഒരോവറില്‍ 11 പന്തുകളെറിഞ്ഞാണ് ഷാർദുൽ താക്കൂർ നാണക്കേടിന്‍റെ റെക്കോര്‍ഡിനൊപ്പമെത്തിയത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഓവറുകളെറിഞ്ഞ തുഷാര്‍ ദേശ്‌പാണ്ഡെയുടെയും മുഹമ്മദ് സിറാജിന്‍റെയും റെക്കോര്‍ഡിനൊപ്പമാണ് താക്കൂർ എത്തിയത്.

അതേസമയം ഇതിന് പുറമെ ഐപിഎല്‍ ചരിത്രത്തിലെ മറ്റൊരു നാണക്കേടും ഇന്നലെ താക്കൂറിന്‍റെ പേരിലായി. ഐപിഎല്ലില്‍ ഒരോവറില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ വൈഡുകളെറിഞ്ഞ ബൗളറെന്ന റെക്കോര്‍ഡാണ് താക്കൂറിന്‍റെ പേരിലായത്. അഞ്ച് വൈഡുകളാണ് താക്കൂര്‍ പതിമൂന്നാം ഓവറില്‍ കൊല്‍ക്കത്തക്കെതിരെ എറിഞ്ഞത്.

തുടര്‍ച്ചയായി നാലു വൈഡുകളെറിഞ്ഞിട്ടുള്ള ജസ്പ്രീത് ബുമ്ര, പ്രവീണ്‍ കുമാര്‍, മഹമ്മദ് സിറാജ്, ഖലീല്‍ അഹമ്മദ് എന്നിവരുടെ മോശം റെക്കോര്‍ഡാണ് ഇന്നലെ താക്കൂര്‍ തിരുത്തിയത്. ഐപിഎല്‍ താരലേലത്തില്‍ ആരും ടീമിലെടുക്കാതിരുന്ന താക്കൂറിനെ പരിക്കേറ്റ മൊഹ്സിന്‍ ഖാന് പകരക്കാരനായാണ് ലക്നൗ ടീമിലെത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *