
തൊടുപുഴ: ഇ എൻ സുരേഷ് ബാബുവിനെതിരെ പരാതികളില്ലെന്ന് വ്യക്തമാക്കി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ചില വാർത്ത ശൃംഖലകൾ പ്രചരിപ്പിക്കുന്നത് തെറ്റായ വാർത്തയാണെന്നും ശുദ്ധ അസംബന്ധമാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ, എന്തുകൊണ്ട് നേതൃമാറ്റം എന്നത് പാലക്കാട് ജില്ലാ ഘടകത്തോട് ചോദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഇ എൻ സുരേഷ് ബാബുവിനെ സ്ഥാനത്തുനിന്ന് മാറ്റിയ സംഭവത്തിൽ നേതാക്കൾ പ്രതികരിച്ചിരുന്നില്ല. മുതിർന്ന നേതാക്കളായ കെ കെ ശൈലജ, ഇ പി ജയരാജൻ, എം വി ജയരാജൻ, വി എൻ വാസവൻ, തോമസ് ഐസക് എന്നിവരും വിഷയത്തിൽ കൃത്യമായ മറുപടി നൽകിയില്ല.
പാലക്കാട് എന്താണ് സംഭവിച്ചതെന്ന് തനിക്ക് അറിയില്ലെന്നും പത്തനംതിട്ടയിലാണ് താൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നുമാണ് കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക് പ്രതികരിച്ചത്. കാര്യങ്ങൾ വ്യക്തമായി പഠിക്കാതെ ഊഹങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികരിക്കില്ലെന്ന് കെ.കെ.ഷൈലജ പറഞ്ഞിരുന്നു. പാലക്കാട്ടെ പരാതിയെക്കുറിച്ച് തനിക്ക് അറിയില്ല. ജില്ലാ തലത്തിലുള്ള വിഷയങ്ങൾ സംസ്ഥാന സെക്രട്ടേറിയറ്റിൽ എത്തിയാൽ മാത്രമേ അറിയുകയുള്ളൂവെന്നുമായിരുന്നു വിഷയത്തിൽ ഷൈലജയുടെ പ്രതികരണം.
