മമ്മൂട്ടിയും മോഹൻലാലും വർഷങ്ങൾക്ക് ശേഷം ഒരുമിച്ചെത്തിയ ‘പേട്രിയറ്റ്’ തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണം തുടരുകയാണ്. മെയ് ഒന്നിന് റിലീസ് ചെയ്ത ചിത്രത്തിലെ മോഹൻലാലിന്റെ കാമിയോ വേഷത്തെക്കുറിച്ചും അത് പ്രേക്ഷകരിലുണ്ടാക്കിയ സ്വാധീനത്തെക്കുറിച്ചും ഇപ്പോൾ താരം തന്നെ മനസുതുറന്നിരിക്കുകയാണ്. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ തന്റെ കഥാപാത്രത്തിന്റെ പരാജയത്തെക്കുറിച്ചും പ്രേക്ഷകരുമായുള്ള കണക്ഷനെക്കുറിച്ചും സംസാരിച്ചത്.
തന്മാത്ര, താളവട്ടം തുടങ്ങിയ സിനിമകളിൽ തന്റെ കഥാപാത്രങ്ങൾ മരിക്കുമ്പോൾ പ്രേക്ഷകർക്ക് അത് വലിയ ഷോക്ക് ആയിരുന്നുവെന്ന് മോഹൻലാൽ ചൂണ്ടിക്കാട്ടി. അത്തരം സിനിമകളിൽ കഥാപാത്രത്തിന്റെ ഇമോഷണൽ ഗ്രാഫ് വളരെ കൃത്യമായിരുന്നെന്നും, പ്രേക്ഷകർ ആ കഥാപാത്രങ്ങളുമായി അത്രമേൽ അടുത്തുപോയതുമാണ് അതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ‘പേട്രിയറ്റിൽ’ എത്തുമ്പോൾ അതൊരു ചെറിയ വേഷമാണെന്നും, ആ കഥാപാത്രത്തെക്കുറിച്ചോ അയാളുടെ മരണത്തെക്കുറിച്ചോ സിനിമയിൽ വ്യക്തമായി പ്രതിപാദിക്കാത്തത് കൊണ്ടാകാം പ്രേക്ഷകർക്ക് അത് വേണ്ട രീതിയിൽ കണക്ട് ആവാതെ പോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബോക്സ് ഓഫീസ് കുതിപ്പ്
അഭിപ്രായങ്ങൾ സമ്മിശ്രമാണെങ്കിലും ബോക്സ് ഓഫീസിൽ ‘പേട്രിയറ്റ്’ വൻ കുതിപ്പാണ് നടത്തുന്നത്. ആദ്യ ദിനം ആഗോളതലത്തിൽ 29.37 കോടി രൂപയാണ് ചിത്രം നേടിയത്. ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന രണ്ടാമത്തെ ഉയർന്ന കളക്ഷൻ കൂടിയാണിത്. കേരളത്തിൽ നിന്ന് മാത്രം ആദ്യ ദിനം 8.5 കോടി രൂപയും ഇന്ത്യയിൽ നിന്ന് മൊത്തം 9.80 കോടിയും ചിത്രം സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ. മോഹൻലാലിന്റെ കാമിയോ വേഷത്തെക്കുറിച്ച് വിമർശനങ്ങൾ ഉണ്ടെങ്കിലും അദ്ദേഹം സ്ക്രീനിൽ എത്തുന്ന ഭാഗങ്ങൾ തിയേറ്ററിൽ വലിയ ആവേശമാണ് സൃഷ്ടിക്കുന്നത്.
ആന്റോ ജോസഫ് ഫിലിം കമ്പനിയുടെയും കിച്ചപ്പു ഫിലിംസിന്റെയും ബാനറിൽ ആന്റോ ജോസഫും കെ.ജി. അനിൽകുമാറും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മനുഷ് നന്ദൻ ഛായാഗ്രഹണവും മഹേഷ് നാരായണനും രാഹുൽ രാധാകൃഷ്ണനും ചേർന്ന് എഡിറ്റിംഗും നിർവ്വഹിച്ചു. വമ്പൻ താരനിര അണിനിരന്ന ചിത്രം വലിയ കാത്തിരിപ്പിന് ശേഷമാണ് തിയേറ്ററുകളിലെത്തിയത്.
