വ്യാജ നിക്ഷേപ പദ്ധതികളിലൂടെയും സംശയാസ്പദമായ ഓൺലൈൻ ട്രേഡിംഗ് പ്ലാറ്റ്ഫോമുകളിലൂടെയും നടക്കുന്ന സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ കുവൈത്ത് സെൻട്രൽ ബാങ്ക് പൊതുജനങ്ങൾക്ക് കർശന ജാഗ്രതാനിർദ്ദേശം നൽകി. സോഷ്യൽ മീഡിയയും വിവിധ മെസേജിംഗ് ആപ്പുകളും കേന്ദ്രീകരിച്ച് തട്ടിപ്പ് സംഘങ്ങൾ സജീവമാണെന്ന് ബാങ്ക് അധികൃതർ ചൂണ്ടിക്കാട്ടി. ചുരുങ്ങിയ തുക നിക്ഷേപിച്ചാൽ വൻ ലാഭം വേഗത്തിൽ ലഭിക്കുമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പുകാർ സാധാരണക്കാരെ വലയിലാക്കുന്നത്.
ഇത്തരം തട്ടിപ്പുകൾ കേവലം സാമ്പത്തിക നഷ്ടം മാത്രമല്ല, മറിച്ച് കള്ളപ്പണം വെളുപ്പിക്കൽ പോലുള്ള അതീവ ഗൗരവമുള്ള കുറ്റകൃത്യങ്ങളുടെ ഭാഗമാകാമെന്നും സെൻട്രൽ ബാങ്ക് മുന്നറിയിപ്പ് നൽകുന്നു. അജ്ഞാതരായ വ്യക്തികൾ പണം പല അക്കൗണ്ടുകളിലേക്ക് കൈമാറിയ ശേഷം വലിയ തുകകൾ ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെടുന്നത് ഇതിന്റെ സൂചനയാണ്. ഇത്തരം നിക്ഷേപങ്ങളിൽ പങ്കാളികളാകുന്നത് നിയമപരമായ വലിയ കുരുക്കുകളിലേക്ക് വഴിമാറാൻ സാധ്യതയുണ്ട്.
അംഗീകാരമില്ലാത്തതോ ലൈസൻസ് ഇല്ലാത്തതോ ആയ ട്രേഡിംഗ് പ്ലാറ്റ്ഫോമുകളുമായോ അപരിചിതരായ വ്യക്തികളുമായോ യാതൊരുവിധ സാമ്പത്തിക ഇടപാടുകളും നടത്തരുതെന്ന് അധികൃതർ അഭ്യർത്ഥിച്ചു. യാഥാർത്ഥ്യത്തിന് നിരക്കാത്ത ലാഭവിഹിതം വാഗ്ദാനം ചെയ്യുന്നവരെ കരുതിയിരിക്കണമെന്നും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ ഔദ്യോഗിക ബാങ്കിംഗ് ചാനലുകൾ മാത്രം ഉപയോഗിക്കണമെന്നും സെൻട്രൽ ബാങ്ക് വ്യക്തമാക്കി.
