മധുബാല, ഇന്ദ്രൻസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗത സംവിധായിക വർഷാ വാസുദേവ് ഒരുക്കിയ “ചിന്ന ചിന്ന ആസൈ” എന്ന ചിത്രം പ്രേക്ഷക-നിരൂപക പ്രശംസകളോടെ വിജയകരമായി രണ്ടാം വാരത്തിലേക്ക് കടക്കുന്നു. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് കേരളത്തിലെ തിയേറ്ററുകളിൽ എത്തിച്ച ഈ ചിത്രം ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് നിർമ്മിച്ചിരിക്കുന്നത്. ആദ്യ ആഴ്ചയേക്കാൾ വലിയ ജനപിന്തുണയോടെ കേരളത്തിലെ നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുന്ന ഈ ഫീൽ ഗുഡ് ഡ്രാമ, ഇപ്പോൾ ഗൾഫ് നാടുകളിലും റിലീസ് ചെയ്ത് വലിയ മുന്നേറ്റമാണ് നടത്തുന്നത്. പ്രണയവും കുടുംബബന്ധങ്ങളും സംഗീതവുമെല്ലാം മനോഹരമായി കോർത്തിണക്കിയ ചിത്രം ഒരേസമയം പ്രേക്ഷകരെ ചിന്തിപ്പിക്കുകയും വിനോദിപ്പിക്കുകയും ചെയ്യുന്നുണ്ട്.
പൂർണ്ണമായും വാരണാസിയുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച ഈ സിനിമയുടെ പ്രധാന ആകർഷണം മധുബാലയുടെയും ഇന്ദ്രൻസിന്റെയും അമ്പരപ്പിക്കുന്ന പ്രകടനങ്ങളാണ്. ചിത്രത്തിൽ മാധവൻ മാസ്റ്ററായി ഇന്ദ്രൻസ് അനായാസ അഭിനയം കാഴ്ചവെക്കുമ്പോൾ, ലീല എന്ന ശക്തമായ കഥാപാത്രത്തിലൂടെ ഒരിടവേളയ്ക്ക് ശേഷം മധുബാല മലയാളത്തിലേക്ക് ഗംഭീര തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ഇവർ രണ്ടുപേരും ഒന്നിച്ചുള്ള കോമ്പിനേഷൻ രംഗങ്ങൾ തിയേറ്ററുകളിൽ വലിയ കൈയടിയാണ് നേടുന്നത്. ഒരിക്കൽ കൂടി മലയാളത്തിൽ മികച്ചൊരു സിനിമ എത്തിച്ച ദുൽഖർ സൽമാന്റെ വിതരണ കമ്പനിയും പ്രേക്ഷകരിൽ നിന്ന് വലിയ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുന്നുണ്ട്.
വർഷാ വാസുദേവ് തന്നെ രചനയും നിർവ്വഹിച്ച ഈ ചിത്രത്തിൽ അപർണ്ണ ബാലമുരളി, വിഷ്ണു അഗസ്ത്യ, തമ്പി രാമയ്യ, കാളി വെങ്കട്, ജാഫർ സാദിഖ്, സായ് ജനനി തുടങ്ങിയ വൻ താരനിരയാണ് അണിനിരക്കുന്നത്. ചിത്രത്തിന് വേണ്ടി ഗോവിന്ദ് വസന്ത ഒരുക്കിയ ഹൃദയസ്പർശിയായ സംഗീതവും ഗാനങ്ങളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിലും മ്യൂസിക് ചാർട്ടുകളിലും ഹിറ്റായിക്കഴിഞ്ഞു. വരും ദിവസങ്ങളിലും കുടുംബപ്രേക്ഷകരുടെ വലിയ തിരക്ക് തിയേറ്ററുകളിൽ ഉണ്ടാകുമെന്നാണ് കളക്ഷൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
