
കറാച്ചി: ആരോഗ്യനില മോശമാണെന്നും അടിയന്തര ചികിത്സ ലഭിച്ചില്ലെങ്കിൽ ജയിലിൽനിന്ന് ജീവനോടെ പുറത്തുവരാൻ കഴിയില്ലെന്നും പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. സുപ്രീം കോടതി, ഫെഡറൽ ഭരണഘടനാ കോടതി, ഇസ്ലാമാബാദ് ഹൈക്കോടതി എന്നിവിടങ്ങളിലെ ചീഫ് ജസ്റ്റിസുമാർക്ക് അയച്ച തുറന്ന കത്തിലാണ് അദ്ദേഹം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ വെളിപ്പെടുത്തിയത്. തനിക്കും ഭാര്യ ബുഷ്റ ബീബിക്കും അടിയന്തരമായി വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
74-ാം വയസ്സിൽ ഭരണകൂടം തന്നോട് കാണിക്കുന്ന സമീപനം ജീവനോടെ തിരിച്ചെത്താൻ കഴിയാത്ത അവസ്ഥയിലേക്ക് തള്ളിവിടുകയാണെന്ന് ഇമ്രാൻ കത്തിൽ ആരോപിച്ചു. ദീർഘകാലത്തെ ഏകാന്തതടവും പുറംലോകവുമായുള്ള ബന്ധം നിഷേധിച്ചതും മാനസികാരോഗ്യത്തെ ബാധിച്ചുവെന്നും കുടുംബവുമായി സംസാരിക്കാൻ പോലും അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കടുത്ത ഏകാന്തതയെ തുടർന്ന് രക്തസമ്മർദം ഉയർന്നതായും തലച്ചോറിൽ രക്തസ്രാവത്തിനും ഹൃദയാഘാതത്തിനും സാധ്യതയുണ്ടെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയതായും കത്തിൽ പറയുന്നു.
ഭാര്യ ബുഷ്റ ബീബിയുടെ ആരോഗ്യസ്ഥിതിയിലും ഇമ്രാൻ ആശങ്ക പ്രകടിപ്പിച്ചു. റെറ്റിനയ്ക്ക് തകരാർ സംഭവിച്ചതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തിയെങ്കിലും പിന്നീട് അവരെ വീണ്ടും ഏകാന്തതടവിലേക്ക് മാറ്റിയെന്നാണ് ആരോപണം. ഡോക്ടർമാരെ കാണാനോ മെഡിക്കൽ രേഖകൾ പരിശോധിക്കാനോ അനുവദിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അദിയാല ജയിലിൽ ഇമ്രാനെ സന്ദർശിച്ച അഭിഭാഷകൻ ബാരിസ്റ്റർ സൽമാൻ സഫ്ദറാണ് കത്തിലെ വിവരങ്ങൾ എക്സിലൂടെ പുറത്തുവിട്ടത്. സുപ്രീം കോടതിയുടെ മുൻ ഉത്തരവുകൾ നടപ്പാക്കി തങ്ങൾക്കാവശ്യമായ ചികിത്സ ഉറപ്പാക്കണമെന്നാണ് ഇമ്രാന്റെ ആവശ്യം. 2023 മുതൽ ജയിലിൽ കഴിയുന്ന ഇമ്രാനെതിരെ അഴിമതിയടക്കം നൂറിലേറെ കേസുകളുണ്ട്.
