Home » Blog » kerala Max » ആഗോളതലത്തിൽ വീണ്ടും എബോള ഭീതി; ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് കർശന വിലക്കുമായി ഇന്ത്യ
ebola

 ആഫ്രിക്കൻ രാജ്യങ്ങളിൽ മാരകമായ ഇബോള വൈറസ് ബാധ അതിവേഗം പടരുന്ന സാഹചര്യത്തിൽ പൗരന്മാർക്ക് കർശന യാത്രാ നിർദ്ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിലേക്കുള്ള അനിവാര്യമല്ലാത്ത എല്ലാ യാത്രകളും ഇന്ത്യൻ പൗരന്മാർ പൂർണ്ണമായും ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാർ ഞായറാഴ്ച (മെയ് 24) പുറപ്പെടുവിച്ച പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ലോകാരോഗ്യ സംഘടന ഇബോള വ്യാപനത്തെ ‘അന്താരാഷ്ട്ര ആശങ്കയുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥ’ ആയി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ അടിയന്തര നടപടി.

ആഫ്രിക്കയിൽ നിലവിൽ പടർന്നുപിടിക്കുന്നത് ഇബോളയുടെ ഏറ്റവും അപകടകരവും അപൂർവ്വവുമായ ‘ബുണ്ടിബുഗ്യോ’ എന്ന വകഭേദമാണ്. നിലവിൽ ഈ വൈറസ് ബാധയ്ക്ക് കൃത്യമായ വാക്സിനുകളോ പ്രത്യേക ചികിത്സകളോ ലഭ്യമല്ല എന്നത് ഭീതി വർദ്ധിപ്പിക്കുന്നു. കോംഗോയിൽ മാത്രം ഇതുവരെ 746 സംശയാസ്പദമായ കേസുകളും 176 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അയൽരാജ്യങ്ങളായ ഉഗാണ്ടയിലേക്കും ദക്ഷിണ സുഡാനിലേക്കും രോഗം പടരാൻ സാധ്യതയേറെയാണെന്നാണ് ആഫ്രിക്കൻ ആരോഗ്യ സംഘടനകളുടെ വിലയിരുത്തൽ.

അതേസമയം, ഇന്ത്യയിൽ ഇതുവരെ ഇബോളയുടെ ബുണ്ടിബുഗ്യോ വകഭേദം ഒന്നുപോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. എങ്കിലും മുൻകരുതലിന്റെ ഭാഗമായി വിമാനത്താവളങ്ങളിലും അതിർത്തികളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. രോഗബാധിത പ്രദേശങ്ങളിൽ നിന്ന് വരുന്ന യാത്രക്കാരിൽ പനി ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ കണ്ടാൽ കടുത്ത പരിശോധനകൾക്ക് വിധേയമാക്കാൻ എൻട്രി പോയിന്റുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ ആഫ്രിക്കയിലുള്ള ഇന്ത്യൻ പൗരന്മാർ പ്രാദേശിക ആരോഗ്യ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.