കേരളം ഉറ്റുനോക്കുന്ന അസാമാന്യ കരുത്തിന്റെ ഉടമ, മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന് ഇന്ന് 81 വയസ്സ് തികയുന്നു. വിജയഭേരി മുഴക്കിയ മുൻവർഷങ്ങളിൽ നിന്ന് മാറി, 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിൽ ഒരു തിരിഞ്ഞുനോട്ടത്തിന്റെ വേളയിലാണ് ഈ പിറന്നാൾ കടന്നുവരുന്നത്.
കണ്ണൂരിലെ സാധാരണ കുടുംബത്തിൽ നിന്ന് വിപ്ലവ പ്രസ്ഥാനത്തിന്റെ അമരത്തെത്തിയ പിണറായി വിജയൻ, അടിയന്തരാവസ്ഥയിലെ ക്രൂരമർദ്ദനങ്ങൾ മുതൽ ലാവലിൻ കേസ് വരെയുള്ള പ്രതിസന്ധികളെ നെഞ്ചുറപ്പോടെ നേരിട്ട നേതാവാണ്. 16 വർഷം സിപിഎം സംസ്ഥാന സെക്രട്ടറിയായും 2016 മുതൽ 10 വർഷം കേരളത്തിന്റെ മുഖ്യമന്ത്രിയായും അദ്ദേഹം പാർട്ടിയെയും ഭരണത്തെയും നയിച്ചു. പ്രളയവും കോവിഡും നേരിട്ടതിലൂടെ ‘ഇരട്ടച്ചങ്കൻ’ എന്ന വിശേഷണം അണികൾ ചാർത്തിക്കൊടുത്തു.
തുടർച്ചയായ മൂന്നാം ഊഴം എന്ന സ്വപ്നം തകർന്നതോടെ പാർട്ടിക്കുള്ളിൽ പിണറായി വിജയനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. പാർട്ടി ഒരാളിലേക്ക് ചുരുങ്ങിയെന്നും കൂട്ടായ ചർച്ചകൾ ഇല്ലാതായെന്നുമാണ് ജില്ലാ കമ്മിറ്റികളിലെ പൊതുവിമർശനം. തോൽവിക്ക് പിന്നാലെ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തതിനെ ചൊല്ലിയും അണികൾക്കിടയിൽ ഭിന്നാഭിപ്രായമുണ്ട്. സതുതിപാഠകർക്കപ്പുറം പാർട്ടിയുടെ അടിത്തട്ടിൽ നിന്ന് ഉയരുന്ന ‘തിരുത്തൽ’ ആവശ്യങ്ങളെ അദ്ദേഹം എങ്ങനെ നേരിടുമെന്നതാണ് കേരളം ഉറ്റുനോക്കുന്നത്. ആഘോഷങ്ങളില്ലാതെ, രാഷ്ട്രീയ തന്ത്രങ്ങൾ മെനയുന്ന തിരക്കിലാകും ഈ പിറന്നാളിലും അദ്ദേഹം. സ്തുതികൾക്കും നിന്ദകൾക്കുമപ്പുറം പിണറായി വിജയൻ എന്ന പേര് മാറ്റിനിർത്തി കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം പൂർണ്ണമാകില്ല.
