Home » Blog » Kerala » ‘അർഹരായവർക്ക് ആനുകൂല്യം ലഭിക്കണം’, ഈ മാസത്തെ ക്ഷേമ പെൻഷൻ സംബന്ധിച്ച ഉത്തരവ് നാളെ പുറത്തിറങ്ങുമെന്നും മുഖ്യമന്ത്രി
7

തിരുവനന്തപുരം: ലോസ് ആഞ്ചൽസിൽ താമസിക്കുന്ന ഒരാൾ ക്ഷേമപെൻഷൻ ലഭിച്ചില്ലെന്ന് പറഞ്ഞു വിളിച്ച് പരാതിപ്പെട്ടുവെന്ന് നിയമസഭയിൽ പരാമർശിച്ച് മുഖ്യമന്ത്രി. കഴിഞ്ഞ ദിവസം ഒരു ഉദ്യോഗസ്ഥൻ തന്നോട് പറഞ്ഞതാണ് ഇക്കാര്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സാമൂഹ്യ ക്ഷേമപെൻഷൻ ലഭ്യതയും പദ്ധതികളുടെ പരിധിയും സംബന്ധിച്ച ചർച്ചകൾക്കിടെ, സ്ത്രീ സുരക്ഷാ പെൻഷൻ, സാമൂഹ്യ ക്ഷേമ പെൻഷന്റെ ഭാഗമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തെരഞ്ഞെടുപ്പിന് മുമ്പ് ആരംഭിച്ച പദ്ധതിയാണ് ഇതെന്നും, അത് തുടരണമോ എന്ന കാര്യത്തിൽ സർക്കാർ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, സാമൂഹ്യക്ഷേമ പെൻഷൻ മുടങ്ങാതെ നൽകുമെന്ന് സർക്കാർ ഉറപ്പുനൽകുന്നു. ഇതിനായി ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും ഈ മാസത്തെ പെൻഷൻ സംബന്ധിച്ച ഉത്തരവ് നാളെ പുറത്തിറങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പെൻഷൻ വിതരണത്തിലെ അർഹതയും അനർഹതയും സംബന്ധിച്ച ചർച്ചകളും സഭയിൽ ഉയർന്നു. മകൻ വിദേശത്തായതിനാൽ അമ്മയ്ക്ക് പെൻഷൻ നിഷേധിക്കുന്നതിൽ അർത്ഥമുണ്ടോ എന്ന പ്രതിപക്ഷത്തിന്റെ ചോദ്യം ഉയർന്നപ്പോൾ, ‘അർഹരായവർക്ക് ആനുകൂല്യം ലഭിക്കണം’ എന്നതാണ് സർക്കാരിന്റെ നിലപാടെന്ന് മുഖ്യമന്ത്രി മറുപടി നൽകി.

ക്ഷേമപെൻഷൻ തുക 3,000 രൂപയാക്കുമെന്ന് പ്രഖ്യാപിച്ച ലക്ഷ്യത്തിൽ കാലതാമസം ഉണ്ടാകില്ലെന്നും, ജനങ്ങൾക്ക് നൽകിയ വാഗ്ദാനം വേഗം നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗുണഭോക്തൃ പട്ടിക വിശദമായി പരിശോധിക്കുമെന്നും, അർഹരായവർ പുറത്താകുന്നില്ലെന്നും, അനർഹർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവരെ ഒഴിവാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതിനൊപ്പം ഉമ്മൻചാണ്ടി ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണെന്നും, വിശദമായ ചർച്ചകൾ ബന്ധപ്പെട്ട വകുപ്പുകളിൽ നടക്കുന്നതായും മുഖ്യമന്ത്രി സഭയിൽ അറിയിച്ചു. പദ്ധതി പ്രകാരം കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.