Home » Blog » Kerala » “അമാനുഷികമായി പ്രശ്നം പരിഹരിക്കാനാവില്ല, വൈദ്യുതി നിയന്ത്രണം തുടരും” – മന്ത്രി സണ്ണി ജോസഫ്
5

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്ന് മന്ത്രി സണ്ണി ജോസഫ് അറിയിച്ചു. അത്ഭുതങ്ങൾ പ്രവർത്തിച്ച് പ്രതിസന്ധി പരിഹരിക്കാനാകില്ല. വൈദ്യുതി ഉടൻ വാങ്ങാൻ കഴിയില്ല. ഉത്പാദനം കുറഞ്ഞു, ഉപഭോഗം കൂടിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടാൽ പരിഹരിക്കാവുന്ന പ്രശ്നമല്ല. അമാനുഷികമായി പ്രശ്നം പരിഹരിക്കാനാവില്ല. മുൻപുള്ള സർക്കാരിന്റെ വീഴ്ചയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഇലക്ട്രിസിറ്റി ബോർഡ്‌ ചെയർമാനുമായും ഉദ്യോഗസ്ഥരുമായും ചർച്ചകൾ നടത്തിയിരുന്നു.

വിഷയത്തിൽ അഡ്വക്കേറ്റ് ജനറലുമായി ഇന്ന് കൂടിക്കാഴ്ച നടത്തുന്നുണ്ട്. വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനുള്ള ശ്രമവും തുടരും. രാത്രി സമയത്തെ വൈദ്യുതി ഉപയോഗം വളരെ ഉയർന്നതാണ്. സോളാറിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ശേഖരിക്കാനുള്ള സംവിധാനം സംസ്ഥാനത്ത് കാര്യമായില്ല. അതിനായി ബാറ്ററി എനർജി സ്റ്റോറേജ് സംവിധാനം പരിഗണിക്കുന്നുണ്ട്. വൈദ്യുതി പ്രതിസന്ധി മറികടക്കാൻ എറണാകുളം ബ്രഹ്മപുരം കേന്ദ്രീകരിച്ചു പ്ലാന്‍റ് തുടങ്ങാനിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

പവർ എക്‌സ്ചേഞ്ചിൽ നിന്ന് വൈദ്യുതി കിട്ടുന്നില്ലെന്നതാണ് പ്രതിസന്ധിക്ക് കാരണമെന്ന് കെഎസ്ഇബി ചെയർമാൻ എം.ജി രാജമാണിക്യം വ്യക്തമാക്കി. ഇന്നലെ 700 മെഗാവാട്ട് കുറവാണുണ്ടായത്. 5008 മെഗാവാട്ടായിരുന്നു പീക്ക് അവറിലെ ആവശ്യകത. വൈദ്യുതി നിയന്ത്രണ അറിയിപ്പ് രജിസ്റ്റർ ചെയ്ത നമ്പറിൽ എസ്എംഎസ് ആയി വരുമെന്നും രാജമാണിക്യം പറഞ്ഞു.

രാത്രികാല വൈദ്യുതി നിയന്ത്രണം ഇന്നലെയും ജനത്തെ വലച്ചിരുന്നു. കാലാവസ്ഥാ മാറ്റത്തിന്‍റെ സ്വാധീനം, അണക്കെട്ടുകളിലെ ജലനിരപ്പ്, ദേശീയ വൈദ്യുതി ലഭ്യതയിലെ കുറവ് തുടങ്ങിയവ മൂലമാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തതെന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്. കാലാവസ്ഥാമാറ്റത്തിന്റെ സ്വാധീനം വൈദ്യുതി ലഭ്യതയെ കാര്യമായി ബാധിച്ചെന്ന് കെഎസ്ഇബി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *