Your Image Description Your Image Description

തിരുവനന്തപുരം: കേരളത്തിലെ കോൺ​ഗ്രസിൽ നേതൃമാറ്റം കീറാമുട്ടിയായതോടെ പാർട്ടി സംഘടനയെ ചലിപ്പിക്കാൻ ദേശീയ നേതൃത്വം പുതുവഴികൾ തേടുന്നു. പാർട്ടിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും ഏകോപിപ്പിക്കാനുമായി ഹൈപവർ കമ്മിറ്റി രൂപീകരിക്കാനാണ് ദേശീയ നേതൃത്വം നീക്കം നടത്തുന്നത്. കെ സുധാകരനെ കെപിസിസി പ്രസിഡന്റ് പദവിയിൽ തന്നെ നിലനിർത്തി ഈ ഹൈപവർ കമ്മിറ്റിയെ ഉപയോ​ഗിച്ച് പാർട്ടി മെഷീനറിയെ ചലിപ്പിക്കാനാകുമെന്നും ദേശീയ നേതൃത്വം കണക്കുകൂട്ടുന്നു.

കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അനാരോ​ഗ്യമാണ് കേരളത്തിലെ കോൺ​ഗ്രസ് പാർട്ടിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് പോലും പ്രതിസന്ധി സൃഷ്ടിക്കുന്നത്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പും തൊട്ടുപിന്നാലെ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പും അതിന് ശേഷം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പും കോൺ​ഗ്രസിന് നിർണായകമാണ്. ഈ സാ​​ഹചര്യത്തിൽ നേതൃത്വം ക്രിയാത്മകമായി പ്രവർത്തിച്ചില്ലെങ്കിൽ പാർട്ടിക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പാണ് സംസ്ഥാനത്തെ മുതിർന്ന നേതാക്കാൾ ഉൾപ്പെടെയുള്ളവർ നൽകുന്നത്. ഈ സാഹചര്യത്തിലാണ് ഹൈപവർ കമ്മിറ്റിയെന്ന ആശയം ദേശീയ നേതൃത്വം മുന്നോട്ട് വെക്കുന്നത്.

സുപ്രധാന നേതാക്കൾ മാത്രമാകും കമ്മിറ്റിയിലുണ്ടാകുക എന്നാണ് സൂചന. തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പ് ചുമതല ഈ കമ്മിറ്റിയെ ഏൽപ്പിക്കാനാണ് നീക്കം. കെ.സുധാകരനെ മാറ്റണമെന്ന ആഗ്രഹം ദേശീയ നേതൃത്വത്തിന് ഉണ്ടെങ്കിലും സമവായം കണ്ടെത്താനാകാത്തതാണ് കാരണം. ആരോഗ്യപ്രശ്നങ്ങൾ കാരണം കെപിസിസി ആസ്ഥാനത്ത് പോലും കെ സുധാകരൻ എത്തുന്നത് കുറവാണ്.

സുധാകരന് പകരം മറ്റൊരു അധ്യക്ഷനെ കണ്ടെത്താനുള്ള ആലോചനകൾ തുടങ്ങിയതുമാണ്. പക്ഷേ പദവി ഒഴിയുന്നതിൽ കെ.സുധാകരൻ അതൃപ്തനാണ്. നിർബന്ധപൂർവം മാറ്റുന്നതിന് പകരം സംഘടനയെ ചലിപ്പിക്കാൻ മറ്റ് മാർഗം എന്ന നിലയിലാണ് ഹൈപവർ കമ്മിറ്റിയുടെ ആലോചന. കെപിസിസി പ്രസിഡൻറ്, പ്രതിപക്ഷ നേതാവ്, മുൻ കെപിസിസി അധ്യക്ഷന്മാർ, കേരളത്തിൽനിന്നുള്ള വർക്കിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ മാത്രമടങ്ങുന്ന കോർ ഗ്രൂപ്പിന് രൂപം നൽകാനാണ് ശ്രമം. രാഷ്ട്രീയകാര്യ സമിതി ജംബോ കമ്മിറ്റിയായി മാറിയതാണ് നേതൃനിരയിൽ പുതിയ കമ്മിറ്റി രൂപീകരിക്കാനുളള നീക്കം. അധ്യക്ഷനെ മാറ്റിയാലും പുതിയ കമ്മിറ്റികൾ വരുന്നതാണ് നല്ലതെന്നാണ് വിലയിരുത്തൽ. അധ്യക്ഷനെ മാറ്റണമെന്ന ആവശ്യം ശക്തമാണെങ്കിലും ഇക്കാര്യം സുധാകരനെ ബോധ്യപ്പെടുത്താനാകാത്തതാണ് പ്രധാന തടസം.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പും പിന്നാലെ എത്തുന്ന തദ്ദേശ തിരഞ്ഞെടുപ്പുമാണ് പാർട്ടിക്ക് മുന്നിലെ വെല്ലുവിളി. പാർട്ടിക്ക് പുതുജീവൻ നൽകിയില്ലെങ്കിൽ 2021 ൻറെ ആവർത്തനം നിയമസഭാ തിരഞ്ഞെടുപ്പിലും ഉണ്ടാകുമോ എന്ന ആശങ്ക ദേശീയ നേതൃത്വത്തിനുണ്ട്. കേരളത്തിൻറെ ചുമതല വഹിക്കുന്ന ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി സംസ്ഥാനത്തെ രാഷ്ട്രീയ-സംഘടനാ വിഷയങ്ങൾ ദേശീയ നേതൃത്വത്തിന് മുന്നിൽ കൃത്യമായി അവതരിപ്പിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts