Home » Blog » Kerala » “അദ്ദേഹത്തിന്റെ പ്രകടനം അതിശയകരമാണ്”; ഫഹദ് ഫാസിലിനെക്കുറിച്ച് വാചാലനായി ജൂനിയർ എൻ.ടി.ആർ
images (33)

ഫഹദ് ഫാസിലിന്റെ അഭിനയമികവിനെയും സിനിമകളെയും പ്രശംസിച്ച് തെലുങ്ക് സൂപ്പർതാരം ജൂനിയർ എൻ.ടി.ആർ. ഫഹദ് ഫാസിൽ നായകനാകുന്ന, എസ്.എസ്. രാജമൗലി അവതരിപ്പിക്കുന്ന ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ എന്ന പുതിയ ചിത്രത്തിന്റെ പ്രീ-റിലീസ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

കോവിഡ് മഹാമാരിക്കാലത്ത് ഫഹദ് ഫാസിലിന്റെ സിനിമകൾ ഇന്ത്യയിലുടനീളമുള്ള പ്രേക്ഷകരിലേക്ക് അദ്ദേഹത്തെ കൂടുതൽ അടുപ്പിച്ചുവെന്ന് ജൂനിയർ എൻ.ടി.ആർ പറഞ്ഞു. ലോകം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോയ ആ കാലഘട്ടത്തിൽ നിരവധി പേർക്ക് പ്രിയപ്പെട്ടവരെ നഷ്ടമായി. അത്തരമൊരു ദുരിതകാലത്ത് പതിയെ ഓരോ വീട്ടിലേക്കും കടന്നുവന്ന പ്രതിഭയായിരുന്നു ഫഹദെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ബാംഗ്ലൂർ ഡെയ്‌സ്’ കണ്ടതോടെയാണ് ഫഹദിന്റെ അഭിനയത്തോടുള്ള തന്റെ ആരാധന ആരംഭിച്ചതെന്നും, തനിക്ക് ഏറെ ഇഷ്ടമുള്ള അഭിനേതാക്കളുടെ പട്ടികയിൽ ഒന്നാമതാണ് അദ്ദേഹമെന്നും എൻ.ടി.ആർ ഓർത്തെടുത്തു. ഒരു നടൻ എന്ന നിലയിലും സഹോദരൻ എന്ന നിലയിലും ഫഹദിനെ താൻ ഏറെ ബഹുമാനിക്കുന്നുവെന്നും, ഇന്ത്യൻ സിനിമയ്ക്ക് അഭിമാനിക്കാവുന്ന താരമാണ് അദ്ദേഹമെന്നും അഭിപ്രായപ്പെട്ട അദ്ദേഹം, ഫഹദിന്റെ ആദ്യ തെലുങ്ക് നായകചിത്രമായ ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ വലിയ വിജയമാകട്ടെയെന്നും ആശംസിച്ചു.

 

ചടങ്ങിൽ നിർമ്മാതാവ് എസ്.എസ്. കാർത്തികേയയുമായുള്ള തന്റെ ആത്മബന്ധത്തെക്കുറിച്ച് സംസാരിച്ച ജൂനിയർ എൻ.ടി.ആർ വികാരാധീനനായി. എസ്.എസ്. രാജമൗലിയുടെ ആദ്യ ചിത്രമായ ‘സ്റ്റുഡന്റ് നമ്പർ 1’ മുതൽ ആരംഭിക്കുന്നതാണ് ആ കുടുംബവുമായുള്ള ബന്ധം. ചിത്രത്തിൽ അഭിനയിക്കുമ്പോൾ തനിക്ക് 17 വയസ്സായിരുന്നുവെന്നും കാർത്തികേയയ്ക്ക് ഏകദേശം ഒമ്പത് വയസ്സായിരുന്നുവെന്നും അദ്ദേഹം ഓർത്തെടുത്തു. തനിക്ക് ഒരു സഹോദരനുണ്ടെങ്കിൽ അത് കാർത്തികേയ മാത്രമാണെന്നും, കരിയറിലെ പ്രതിസന്ധി ഘട്ടങ്ങളിൽ തനിക്കൊപ്പം ഉറച്ചുനിന്ന അദ്ദേഹത്തിന്റെ പിന്തുണയാണ് തന്റെ പുഞ്ചിരിക്ക് പിന്നിലെന്നും എൻ.ടി.ആർ പറഞ്ഞു. ‘ബാഹുബലി’, ‘ആർ.ആർ.ആർ.’ തുടങ്ങിയ ചിത്രങ്ങളുടെ പിന്നിലും കാർത്തികേയയുടെ നിർണായകമായ പങ്കുണ്ടായിരുന്നുവെന്ന് വ്യക്തമാക്കിയ അദ്ദേഹം, കാർത്തികേയയുടെ ആദ്യ നിർമ്മാണ സംരംഭമായ ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രേക്ഷകർ ഏറ്റെടുക്കണമെന്നും അഭ്യർഥിച്ചു.

 

ചിത്രത്തിന്റെ സംവിധായകനായ ശശാങ്ക് യെലേട്ടിയുടെ സിനിമയോടുള്ള ആത്മാർഥതയെയും വ്യക്തമായ കാഴ്ചപ്പാടിനെയും ജൂനിയർ എൻ.ടി.ആർ പ്രത്യേകമായി പ്രശംസിച്ചു. ഒപ്പം, ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തന്റെ പുതിയ ചിത്രമായ ‘ഡ്രാഗണി’നെക്കുറിച്ചുള്ള അപ്‌ഡേറ്റും അദ്ദേഹം ചടങ്ങിൽ പങ്കുവെച്ചു. തോളിലെ ശസ്ത്രക്രിയയെ തുടർന്ന് ചിത്രീകരണത്തിൽ നിന്ന് ഇടവേളയെടുത്തിരുന്ന താരം പൂർണമായി സുഖം പ്രാപിച്ചുവെന്നും, ഉടൻ ചിത്രീകരണം പുനരാരംഭിക്കുമെന്നും അറിയിച്ച അദ്ദേഹം, നേരത്തെ പ്രഖ്യാപിച്ച സമയക്രമത്തിൽ തന്നെ ചിത്രം റിലീസ് ചെയ്യുമെന്നും വ്യക്തമാക്കി.

 

ഫഹദ് ഫാസിൽ, ബാലതാരം സാറ പാലേക്കർ, സൗരഭ് സച്ദേവ് എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ ശശാങ്ക് യെലേട്ടിയാണ് സംവിധാനം ചെയ്യുന്നത്. എസ്.എസ്. രാജമൗലി അവതരിപ്പിക്കുന്ന ചിത്രം എസ്.എസ്. കാർത്തികേയ, ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ഭാവനാ റിലീസാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *