ഹമാസ് ബന്ദിയാക്കിയ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു

ടെൽ അവീവ്: ബന്ദികളാക്കിയവരിൽ ഒരാളെ കൂടി ഹമാസ് വധിച്ചെന്ന് ഇസ്രയേൽ. തായ്ലൻഡ് പൗരൻ പിൻറ്റ നാറ്റ്പോങ്ങിനെ ഹമാസ് കൊലപ്പെടുത്തിയെന്നാണ് ഇസ്രയേൽ ആരോപിക്കുന്നത്, ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെടുത്തെന്നും ഇസ്രയേൽ സൈന്യം അറിയിച്ചു. റഫയിൽ ഇസ്രയേൽ സൈന്യം നടത്തിയ ഓപ്പറേഷനിലാണ് പിൻറ്റ നാറ്റ്പോങ്ങിന്റെ മൃതദേഹം ഇസ്രയേൽ സൈന്യം കണ്ടെത്തിയത്.

610 ദിവസമാണ് ബന്ദിയാക്കപ്പെട്ട് യുവാവ് ഹമാസിന്റെ തടവിൽ കഴിഞ്ഞത്. ഇദ്ദേഹത്തെ കസ്റ്റഡിയിൽ വെച്ച് ഹമാസ് കൊലപ്പെടുത്തിയതാണെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‍സ് ആരോപിച്ചു. രണ്ട് മൃതദേഹങ്ങൾ നേരത്തെ വീണ്ടെടുത്തിരുന്നു. ഇനി ജീവനോടയെും അല്ലാതെയുമായി 55 ബന്ദികളാണ് ഹമാസിന്റെ പക്കൽ ശേഷിക്കുന്നത്.

തെക്കൻ ഗാസയിലെ റാഫ പ്രദേശത്ത് വെള്ളിയാഴ്ച നടന്ന പ്രത്യേക ഓപ്പറേഷനിലാണ് പിന്റയുടെ മൃതദേഹം കണ്ടെടുത്തതെന്ന് മന്ത്രി പറഞ്ഞു. തെക്കൻ ഇസ്രായേലിൽ കാർഷിക തൊഴിലാളിയായിരുന്നു 35 കാരനായ പിന്റ. തടവിലായതിന്റെ ആദ്യ മാസങ്ങളിൽ തന്നെ നാറ്റ്പോംഗ് കൊല്ലപ്പെട്ടിരിക്കാമെന്ന് ഇസ്രായേലി സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു. ഈ ആഴ്ച ഗാസയിൽ നിന്ന് രണ്ട് അമേരിക്കൻ ബന്ദികളുടെ മൃതദേഹങ്ങൾ ഇസ്രായേൽ സൈന്യം കണ്ടെടുത്തതിന് പിന്നാലെയാണ് തായ് പൗരന്റെയും മൃതദേഹം കണ്ടെത്തിയത്.

നാറ്റ്പോങ്ങ് വിവാഹിതനും ഒരുകുട്ടിയുടെ പിതാവുമായിരുന്നുവെന്ന് സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു. കിബ്ബറ്റ്സ് നിർ ഓസിൽ ജോലി ചെയ്തിരുന്ന അദ്ദേഹത്തെ മുജാഹിദീൻ ബ്രിഗേഡ്സ് എന്ന തീവ്രവാദ സംഘടനയാണ് പിടികൂടിയത്. പിടിയിലായ ഭീകരനെ ചോദ്യം ചെയ്തതിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ മൃതദേഹം വീണ്ടെടുക്കാനുള്ള ദൗത്യം ആരംഭിച്ചതെന്ന് ഇസ്രായേൽ പ്രതിരോധ സേന പ്രസ്താവനയിൽ പറഞ്ഞു.

അതിനിടെ ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുകയാണ്. ഇന്ന് പുലർച്ചയുണ്ടായ ആക്രമണങ്ങളിൽ 34 പേർ കൊല്ലപ്പെട്ടെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

More From Author

Leave a Reply

Your email address will not be published. Required fields are marked *