Home » Blog » kerala Max » സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ച: ഡൽഹി സർവകലാശാല തിരഞ്ഞെടുപ്പിലെ പരാജയത്തിൽ രാഹുല്‍ ഗാന്ധിക്ക് അതൃപ്തി
rahul-gandhi1-680x450

ഡൽഹി: ഡൽഹി സർവകലാശാല വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ എന്‍എസ്‌യുഐയുടെ കനത്ത പരാജയത്തിൽ രാഹുൽ ഗാന്ധി കടുത്ത അതൃപ്തി രേഖപ്പെടുത്തി. സംഭവത്തിൽ അടിയന്തരമായി റിപ്പോർട്ട് നൽകാൻ എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനോട് അദ്ദേഹം ആവശ്യപ്പെട്ടു. സ്ഥാനാർത്ഥി നിർണയത്തിലടക്കം ഉണ്ടായ പാളിച്ചകളെക്കുറിച്ച് വിശദമായി പരിശോധിക്കാനാണ് നിർദേശം.

പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങൾ കൈക്കലാക്കി എബിവിപിയാണ് തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയത്. എബിവിപിയുടെ യഷ് ദബാസ് 2,053 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എന്‍എസ്‌യുഐയുടെ വിജയ് മീണയെ തോൽപ്പിച്ചാണ് പ്രസിഡന്റ് സ്ഥാനം നേടിയത്. സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് എന്‍എസ്‌യുഐ വിട്ട് സ്വതന്ത്രനായി മത്സരിച്ച ദീപാൻഷു ഷൗകീനാണ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.

അതേസമയം, തിരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും നടന്നതായി എന്‍എസ്‌യുഐ ആരോപിച്ചു. എബിവിപി വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുകയും തിരിച്ചറിയൽ കാർഡുകൾ പിടിച്ചുവെക്കുകയും ചെയ്തതായി എന്‍എസ്‌യുഐ സ്ഥാനാർത്ഥിയായിരുന്ന വിജയ് മീണ ആരോപിച്ചു. വിഷയം കോടതിയിൽ ചോദ്യം ചെയ്യുമെന്നും വിജയ് മീണ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *