Home » Blog » kerala Max » “സുധാകരൻ ‘ഹരിശ്ചന്ദ്രനാകാൻ’ നോക്കേണ്ട; തെരഞ്ഞെടുപ്പിന് മുമ്പ് അക്കൗണ്ടിലുണ്ടായിരുന്ന 50 ലക്ഷം മകന്റെ അക്കൗണ്ടിലേക്ക് മാറ്റി, പിന്നീട് പറവൂർ സ്കൂളിനടുത്ത് ഭാര്യയുടെ പേരിൽ ഒരു ആധാരം നടന്നു, അതിന് കാശ് എവിടെ നിന്നാണ്” – എച്ച്. സലാം
6

ആലപ്പുഴ: അമ്പലപ്പുഴ എംഎൽഎ ജി. സുധാകരനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി മുൻ എംഎൽഎയും സിപിഎം നേതാവുമായ എച്ച്. സലാം. സുധാകരൻ ഹരിശ്ചന്ദ്രനാകാൻ നോക്കേണ്ടെന്നും അദ്ദേഹത്തിന്റെ സ്വഭാവ സവിശേഷതകൾ എല്ലാവർക്കും അറിയാമെന്നും സലാം വിമർശിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സുധാകരന്റെ ഭാര്യയുടെ അക്കൗണ്ടിലുണ്ടായിരുന്ന 50 ലക്ഷം രൂപ മകന്റെ അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് സലാമിന്റെ ആരോപണം. ഈ 50 ലക്ഷം രൂപയുടെ ഉറവിടം എന്താണെന്ന് സുധാകരൻ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിന് മുമ്പ് എന്തിനാണ് പണം മാറ്റിയതെന്നും സലാം ചോദിച്ചു. തെരഞ്ഞെടുപ്പിന് ശേഷം ജൂലൈയിൽ പറവൂർ സ്കൂളിന് സമീപം ജി. സുധാകരന്റെ ഭാര്യയുടെ പേരിൽ ആധാരം നടന്നതായും സലാം ആരോപിച്ചു. ഇതിന് ആവശ്യമായ പണം എവിടെനിന്നാണ് ലഭിച്ചതെന്നും അദ്ദേഹം ചോദിച്ചു.

സുധാകരന്റെ സ്വത്ത് വിവരങ്ങൾ ഉൾപ്പെടെ പുറത്തുവിടാൻ ആവശ്യപ്പെട്ട് നേരത്തെയും സലാം ഫേസ്ബുക്ക് കുറിപ്പിലൂടെ വെല്ലുവിളിച്ചിരുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സലാമിന്റെയും പാർട്ടിയുടെയും പേരിൽ പിരിച്ച ലക്ഷക്കണക്കിന് രൂപയുടെ കണക്ക് പുറത്തുവിടാൻ തയ്യാറാണോ എന്ന് സുധാകരനും ചോദിച്ചിരുന്നു.

ഭാര്യയുടെയും മകന്റെയും പേരിൽ പറവൂരിലടക്കം ഭൂമിയും സ്വത്തുക്കളും വാങ്ങിക്കൂട്ടിയിട്ടുണ്ടോയെന്നും അഴിമതിവിരുദ്ധ നിലപാട് പറയുന്ന സുധാകരൻ സ്വന്തം കുടുംബാംഗങ്ങളുടെയും മകന്റെ എൻആർഐ അക്കൗണ്ടുകളുടെയും സ്വത്തുവിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറാണോയെന്നും സലാം നേരത്തെ ചോദിച്ചിരുന്നു.

പാർട്ടി നേതാക്കളെയും ജനപ്രതിനിധികളെയും നിരന്തരം വ്യക്തിപരമായി അധിക്ഷേപിക്കുന്ന സുധാകരൻ, മുൻപ് ഡിവൈഎഫ്ഐ നേതാക്കളോട് ക്രിമിനൽ പ്രവർത്തനങ്ങൾ ചെയ്യാൻ ആവശ്യപ്പെട്ടിരുന്നോ എന്നും വ്യക്തമാക്കണമെന്ന് സലാം ആവശ്യപ്പെട്ടു. പാർട്ടിയെ ചതിച്ച് പുറത്തുപോയയാൾ സിപിഎമ്മിനെ നന്നാക്കാൻ വരേണ്ടതില്ലെന്നും സലാം വിമർശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *