Your Image Description Your Image Description

ന്ത്യൻ സിനിമയുടെ മികച്ച സിനിമാനിരൂപകനാണ് ഭരദ്വാജ് രംഗൻ. മുൻപ് മാധ്യമ രംഗത്തുണ്ടായിരുന്ന ഭരദ്വാജ് രംഗൻ ഇപ്പോൾ സ്വന്തം യുറ്റുബ് ചാനലിലൂടെയാണ് സിനിമ നിരൂപണം. മിക്കവാറും എല്ലാ സിനിമകളെയും ഭരദ്വാജ് രംഗൻ നിരൂപണം നടത്താറുണ്ട്. റോണാക് മാങ്കോട്ടി എന്ന ചാനലിലെ ക്രിട്ടിക്സ് റൗണ്ട്ടേബിളിനിടെ മലയാള സിനിമയെ പ്രശംസിച്ച് ഭരദ്വാജ് രംഗൻ പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.

“മലയാളത്തിൽ സംഭവിക്കുന്നത് ലോക സിനിമയുടെ സ്വാധീനം മാത്രമല്ല. അവിടെ കഥയ്ക്ക് അനുയോജ്യമായ ബജറ്റിൽ വർക്ക് ചെയ്യാൻ ആളുകൾ തയ്യാറാണ്. ബജറ്റ് നിയന്ത്രിച്ചില്ലായിരുന്നുവെങ്കിൽ മലയാളം സിനിമയ്ക്ക് ഇന്നത്തെ അവസ്ഥയിലെത്താൻ സാധിക്കില്ലായിരുന്നു. മലയാളസിനിമക്ക് എന്തും സാധ്യമാണ്. കാരണം അവിടെ ബജറ്റിനെക്കുറിച്ചുള്ള ചിന്തയില്ല. ബിഗ് ബജറ്റ് സിനിമകളിലൂടെ അവർ പരീക്ഷണം നടത്താൻ ശ്രമിക്കാറില്ല. നല്ല സബ്ജക്ടുകൾ പ്രേക്ഷകരിലേക്ക് മികച്ച രീതിയിൽ എത്താൻ വേണ്ടി മാത്രമേ മലയാളത്തിൽ ശ്രമിക്കുകയുള്ളൂ. നല്ല രീതിയിൽ പ്രതിഫലം വാങ്ങുന്ന താരങ്ങൾ മലയാളത്തിലുണ്ട്. പക്ഷേ, സിനിമ നല്ല രീതിയിൽ പുറത്തിറങ്ങാൻ അവർ ബജറ്റിൽ വിട്ടുവീഴ്ചക്ക് തയാറാകുന്നുമുണ്ട്. എമ്പുരാൻ എന്ന സിനിമ വലിയ ബജറ്റിലാണ് ഒരുക്കിയത്. അതിനനുസരിച്ചുള്ള സ്വീകാര്യത ആ സിനിമക്ക് ലഭിച്ചു.

മലയാളം ഇൻഡസ്ട്രിയിൽ വമ്പൻ താരങ്ങളില്ലാത്തതുകൊണ്ടാണ് അവിടെ ബിഗ് ബജറ്റ് സിനിമകൾ പുറത്തിറങ്ങാത്തത് എന്ന് പലരും കരുതുന്നുണ്ട്. എന്നാൽ മമ്മൂട്ടിയും മോഹൻലാലും ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ താരങ്ങളും അഭിനേതാക്കളുമാണ്. തമിഴ്, തെലുങ്ക് ഇൻഡസ്ട്രികളിലേതുപോലെ താരാരാധനയൊന്നും മലയാള സിനിമയിലില്ല, അവിടെ കാര്യങ്ങളിൽ കുറച്ച് മാറ്റമുണ്ട്, ഉദാഹരണത്തിന് രജിനികാന്തിന് അസാധ്യ കഴിവുണ്ടെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഒരു പ്രത്യേക ഇമേജിനപ്പുറത്ത് അദ്ദേഹത്തെ അവതരിപ്പിക്കാൻ ആരും ധൈര്യപ്പെടില്ല. അവിടെയാണ് മലയാള സിനിമ വ്യത്യസ്തമാകുന്നത്.

മോഹൻലാലും മമ്മൂട്ടിയും പലപ്പോഴും തങ്ങളുടെ ഇമേജിനെ പൊളിച്ചെഴുതിക്കൊണ്ടിരിക്കുന്നുണ്ട്. അതിലും മമ്മൂട്ടിയെപ്പോലെ ചെയ്യാൻ മറ്റാർക്കും സാധിക്കില്ല. അയാൾക്ക് ഗേ ആയി വേഷമിടാം, വൃദ്ധനായും ചെറുപ്പക്കാരനായും വേഷമിടാം, പ്രേതമായി വന്നാൽ പോലും പ്രേക്ഷകർ അത് സ്വീകരിക്കും. അത്രയും വലിയ താരം അങ്ങനെയെല്ലാം വന്നാൽ സ്വീകരിക്കാൻ പ്രേക്ഷകർ തയാറാണ്.” ഭരദ്വാജ് രംഗൻ കൂട്ടിച്ചേർത്തു.

Related Posts