Home » Blog » Education » സമാധാനത്തിന് കൈകോർത്ത് കുരുന്നുകൾ; വടക്കാങ്ങര  ടാലന്റ് പബ്ലിക് സ്കൂളിൽ ഹിരോഷിമാ ദിനാചരണവും യുദ്ധവിരുദ്ധ റാലിയും
15
വടക്കാങ്ങര: “ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട, സമാധാനം പുലരട്ടെ” എന്ന സന്ദേശമുയർത്തി വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾ ആഗസ്റ്റ് 06 ഹിരോഷിമ ദിനം ആചരിച്ചു. യുദ്ധത്തിന്റെ ഭീകരത ഓർമ്മിപ്പിക്കുന്നതും ലോകസമാധാനത്തിന്റെ പ്രസക്തി വിളിച്ചോതുന്നതുമായ വിവിധ പരിപാടികളോടെയാണ് സ്കൂളിൽ ദിനാചരണം സംഘടിപ്പിച്ചത്.
രാവിലെ നടന്ന പ്രത്യേക അസംബ്ലിയിൽ സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ഒന്നടങ്കം യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി. സമാധാനത്തിന്റെ സന്ദേശം നൽകുന്ന പ്ലക്കാടുകൾ ഉയർത്തിയാണ് കുരുന്നുകൾ അസംബ്ലിയിൽ അണിനിരന്നത്.
വടക്കാങ്ങര ടൗൺ ചുറ്റി സഞ്ചരിച്ച യുദ്ധ വിരുദ്ധ റാലിയിൽ യുദ്ധവിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ പ്ലക്കാർഡുകളും ബാനറുകളും വിദ്യാർത്ഥികൾ ഉയർത്തിപ്പിടിച്ചു. “യുദ്ധമല്ല, സമാധാനമാണ് ലോകത്തിന് ആവശ്യം”, “കുഞ്ഞുങ്ങൾക്ക് കളിക്കാൻ മണ്ണു വേണം, ബോംബുകളല്ല” തുടങ്ങിയ മുദ്രാവാക്യങ്ങൾ റാലിയിൽ മുഴങ്ങി കേട്ടു.
സ്കൂൾ കോമ്പൗണ്ടിൽ നടന്ന ഹിരോഷിമ ദിനാചരണ പരിപാടികൾ സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ് അലി കൊടിഞ്ഞി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി രജീഷ് മാസ്റ്റർ ചടങ്ങിൽ യുദ്ധവിരുദ്ധ സന്ദേശം നൽകി. വൈസ് പ്രിൻസിപ്പൽ സാഹിദ ടീച്ചർ, സി.സി.എ. കൺവീനർ റഫീഖ് മാസ്റ്റർ, തഹ്സീൻ  മാസ്റ്റർ, ജിഷ്ണുദാസ്, അനന്തൻ മാസ്റ്റർ, പ്രമോദ് സാർ, അർജുൻ മാസ്റ്റർ, സൗമ്യ ടീച്ചർ എന്നിവർ ദിനാചരണ പരിപാടികൾക്ക് നേതൃത്വം നൽകി.