Home » Blog » kerala Max » “സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചാല്‍ കൈകെട്ടി നോക്കിനില്‍ക്കില്ല, ജ്യോതികുമാർ ചാമക്കാല ഗുണ്ടകളെ സംരക്ഷിക്കുന്നു, കുറ്റക്കാരെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പ്രതിഷേധ പരിപാടികള്‍ നടത്തും” ; കെ.ബി.ഗണേഷ് കുമാർ
13

കൊല്ലം: പത്തനാപുരത്ത് കേരള കോൺഗ്രസ് (ബി) പ്രവർത്തകനെ കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർ മർദിച്ച സംഭവത്തിൽ ജ്യോതികുമാർ ചാമക്കാല എംഎൽഎക്കെതിരെ കെ.ബി.ഗണേഷ് കുമാർ. തന്റെ മുൻ പഴ്സനൽ സ്റ്റാഫ് അംഗം സഞ്ജു.പി.സാമിനെ ആക്രമിച്ച ഗുണ്ടകളെ പത്തനാപുരം എംഎൽഎ സംരക്ഷിക്കുകയാണെന്ന് ഗണേഷ്കുമാർ ആരോപിച്ചു. കുറ്റക്കാരെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ജനകീയ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും ഗണേഷ്കുമാർ ഫെയ്സ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം:

ആക്രമണ-ഗുണ്ടാ പ്രവർത്തനങ്ങളിലൂടെ പത്തനാപുരത്തിന്റെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചാൽ കൈകെട്ടി നോക്കിയിരിക്കുമെന്ന് ആരും കരുതേണ്ടാ. ഗുണ്ടാ വിളയാട്ടമോ സംഘടിതമായ ആക്രമണങ്ങളോ ഇല്ലാതിരുന്ന പത്തനാപുരത്ത് അധികാരത്തിന്റെ അഹങ്കാരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു തുടങ്ങിയിരിക്കുന്നു. ഞാൻ മന്ത്രി ആയിരുന്നപ്പോൾ എന്റെ പഴ്‌സനൽ സ്റ്റാഫ് അംഗമായിരുന്ന കേരളാ കോൺഗ്രസ് (ബി) പ്രവർത്തകൻ സഞ്ജു.പി.സാമിനെ കെഎസ്‌യു–യൂത്ത് കോൺഗ്രസ് നേതാക്കളായ ഗുണ്ടാസംഘം ഇന്നലെ രാത്രി അകാരണമായി ക്രൂരമായി ആക്രമിച്ചു പരുക്കേൽപ്പിച്ചു. സ്ഥലം എംഎൽഎയുടെ നേതൃത്വത്തിൽ ഈ ഗുണ്ടകളെ സംരക്ഷിച്ചുവരുകയാണ്.

സഞ്ജുവിനെ ആക്രമിച്ച ഗുണ്ടകളെ അറസ്റ്റ് ചെയ്യുന്നതിനോ നിയമവാഴ്ച ഉറപ്പു വരുത്തുന്നതിനോ പൊലീസ് തയാറായിട്ടില്ലാത്തത് അപലപനീയമാണ്. എത്രയും പെട്ടെന്ന് കുറ്റക്കാരെ അറസ്റ്റ് ചെയ്ത് നിയമ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ ജനകീയ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകും. പത്തനാപുരത്തെ ജനജീവിതത്തിന്റെ സമാധാന അന്തരീക്ഷം തകർക്കാൻ അധികാര ഹുങ്കിന്റെ തണലിൽ നടത്തുന്ന ഏത് ശ്രമത്തെയും ശക്തമായി എതിർക്കുക തന്നെ ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *