
കൊച്ചി: സപ്ലൈകോയിലെ ക്രമക്കേടുകൾ ഒരു തരത്തിലും അനുവദിക്കില്ലെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ഓണം ഗിഫ്റ്റ് കാർഡ് പദ്ധതിയുടെ മറവിൽ സബ്സിഡിയില്ലാത്ത പഞ്ചസാര സ്വകാര്യ കമ്പനിക്ക് കൈമാറിയ സംഭവത്തിൽ ഏഴ് ജീവനക്കാർക്ക് കൂടി സസ്പെൻഷൻ നൽകിയത്. ഭക്ഷ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് നടപടി. സപ്ലൈകോ ഹെഡ് ഓഫീസിലെ ഡെപ്യൂട്ടി മാനേജർ സജീവ് പോൾ, അറക്കപ്പടി മാവേലി സ്റ്റോർ ഇൻചാർജ് അഞ്ജു വിജയൻ, തുറവൂർ മാവേലി സ്റ്റോർ ഇൻചാർജ് സന്ധ്യ എ.എസ്., പാലിശ്ശേരി മാവേലി സ്റ്റോറിലെ ദിവ്യ എം.ആർ., പോഞ്ഞാശ്ശേരി വിൽപ്പനശാലയിലെ സൗമിനി എസ്., കറുകുറ്റി മാവേലി സ്റ്റോറിലെ മഞ്ജു ആന്റണി, ശ്രീമൂലനഗരം മാവേലി സ്റ്റോറിലെ ബേസിൽ ചെറിയ എ. എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.
പെരുമ്പാവൂർ ഡിപ്പോയിലെ മാവേലി കസ്റ്റോഡിയൻ രജീഷ് രവീന്ദ്രനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. കീർത്തി നിർമ്മൽ എന്ന സ്വകാര്യ കമ്പനിക്കാണ് പെരുമ്പാവൂർ ഡിപ്പോയിൽ നിന്ന് സബ്സിഡിയിതര പഞ്ചസാര കൈമാറിയതെന്നാണ് കണ്ടെത്തൽ. സപ്ലൈകോയുടെ ഓണം ഗിഫ്റ്റ് കാർഡ് പദ്ധതിയുടെ ഭാഗമായി കമ്പനിക്ക് 1,000 രൂപയുടെ 1,000 കൂപ്പണുകൾ നൽകിയിരുന്നു. പ്പണുകളുടെ മുഴുവൻ തുകയ്ക്കും സബ്സിഡിയിതര പഞ്ചസാര നൽകുന്നതിനായി പെരുമ്പാവൂർ ഡിപ്പോയിൽ നിന്ന് വിവിധ മാവേലി സ്റ്റോറുകളിലേക്ക് പഞ്ചസാര ഇഷ്യൂ ചെയ്തതായി രേഖകൾ തയ്യാറാക്കിയെന്നാണ് ആരോപണം.
തുറവൂർ, പാലിശ്ശേരി, കറുകുറ്റി, ശ്രീമൂലനഗരം, പോഞ്ഞാശ്ശേരി, അറക്കപ്പടി എന്നിവിടങ്ങളിലെ ഔട്ട്ലെറ്റുകളിലേക്കായിരുന്നു പഞ്ചസാര ഇഷ്യൂ ചെയ്തതായി രേഖപ്പെടുത്തിയത്. എന്നാൽ രേഖകളിൽ കാണിച്ച പ്രകാരം പഞ്ചസാര യഥാർഥത്തിൽ ഈ ഔട്ട്ലെറ്റുകളിലേക്ക് എത്തിച്ചിരുന്നില്ലെന്നാണ് സപ്ലൈകോ വിജിലൻസ് വിഭാഗത്തിന്റെ പരിശോധനയിൽ കണ്ടെത്തിയത്. പഞ്ചസാരയുടെ യഥാർഥ സ്റ്റോക്ക് പെരുമ്പാവൂർ ഡിപ്പോയിൽ തന്നെ സൂക്ഷിച്ചിരുന്നതായും പരിശോധനയിൽ വ്യക്തമായതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ ഉൾപ്പെട്ടതായി കണ്ടെത്തുന്നവർക്കെതിരെ മുഖംനോക്കാതെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് വ്യക്തമാക്കി. ക്രമക്കേടുകൾ കണ്ടെത്തിയാൽ ഉത്തരവാദികളായ ജീവനക്കാർക്കെതിരെ തുടർ നടപടികൾ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
