
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് വൻ തിരിച്ചടി. പരോൾ അനുവദിക്കാത്തതിനെതിരെ നൽകിയ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി തള്ളി. പ്രതികളായ ജിജിൻ, സുബീഷ് എന്നിവരുടെ അമ്മമാർ നൽകിയ ഹർജിയാണ് കോടതി തള്ളിയത്. ഹൈക്കോടതി നേരത്തെ പുറപ്പെടുവിച്ച ഉത്തരവിന് വിരുദ്ധമായി കണ്ണൂർ സെൻട്രൽ ജയിൽ അധികൃതർ പ്രതികൾക്ക് പരോൾ നിഷേധിച്ചെന്നായിരുന്നു ഹർജിക്കാരുടെ വാദം.
എന്നാൽ, പ്രതികൾക്ക് പരോൾ അനുവദിച്ചാൽ പ്രദേശത്ത് ക്രമസമാധാന പ്രശ്നമുണ്ടാകാൻ സാധ്യതയുണ്ടെന്ന ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ട് കോടതി പരിഗണിച്ചു. പ്രതികൾക്ക് നേരത്തെ പരോൾ അനുവദിച്ച സമയത്ത് പ്രദേശത്ത് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. ക്രമസമാധാന സാഹചര്യം കണക്കിലെടുത്ത് പരോൾ നിഷേധിച്ചത് നിയമവിരുദ്ധമല്ലെന്നും ജയിൽ അധികൃതരുടെ ഭാഗത്ത് വീഴ്ചയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇക്കാരണത്താൽ കോടതിയലക്ഷ്യ ഹർജി നിലനിൽക്കില്ലെന്നും കോടതി പറഞ്ഞു.
നേരത്തെ പരോൾ അനുവദിക്കുമ്പോൾ ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്നും ഒരേസമയം ഒന്നിലധികം പ്രതികൾക്ക് പരോൾ അനുവദിക്കരുതെന്നുമുള്ള നിബന്ധനകൾ ജയിൽ അധികൃതർ ഏർപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണങ്ങൾ പിന്നീട് ഹൈക്കോടതി റദ്ദാക്കിയിരുന്നു. പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് കൂട്ടത്തോടെ പരോൾ അനുവദിച്ചതും നേരത്തെ വിവാദമായിരുന്നു. ഒന്നാം പ്രതി പീതാംബരൻ, നാലാം പ്രതി അനിൽ, അഞ്ചാം പ്രതി ഗിജിൻ, ഏഴാം പ്രതി അശ്വിൻ, പതിനഞ്ചാം പ്രതി സുരേന്ദ്രൻ എന്നിവർക്ക് അന്ന് പരോൾ ലഭിച്ചിരുന്നു. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പരോൾ അനുവദിച്ചതെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്റെ പിതാവ് സത്യനാരായണൻ ആരോപിച്ചിരുന്നു.
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസിൽ പത്ത് പ്രതികൾക്ക് എറണാകുളം സിബിഐ കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. മുൻ എംഎൽഎയും സിപിഐഎം നേതാവുമായ കെ.വി. കുഞ്ഞിരാമൻ ഉൾപ്പെടെയുള്ള മൂന്ന് പേർക്ക് അഞ്ച് വർഷം തടവും വിധിച്ചിരുന്നു.
