ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം തമിഴകത്ത് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ടിവികെ. കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ സിപിഐയോടും സിപിഎമ്മിനോടും പിന്തുണ തേടി വിജയ് കത്തയച്ചിട്ടുണ്ട്.
ഉപാധികളോടെയാണ് കോൺഗ്രസ് ടിവികെക്ക് പിന്തുണ പ്രഖ്യാപിച്ചത്. സഖ്യത്തിൽ വര്‍ഗീയ ശക്തികളുണ്ടാകരുതെന്നും മാറ്റിനിര്‍ത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. തമിഴ്നാട് കോൺഗ്രസ് കമ്മിറ്റിയും കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടിയും (സിഎൽപി) ടിവികെക്ക് സർക്കാർ രൂപീകരിക്കുന്നതിന് പൂർണ പിന്തുണ നൽകാൻ തീരുമാനിച്ചതായി തമിഴ്നാടിന്റെ ചുമതലയുള്ള എഐസിസി ഗിരീഷ് ചോദങ്കർ പ്രസ്താവനയിൽ പറഞ്ഞു.
“ഇന്ത്യൻ ഭരണഘടനയിൽ വിശ്വസിക്കാത്ത ഏതെങ്കിലും വർഗീയ ശക്തികളെ ഈ സഖ്യത്തിൽ നിന്ന് ടിവികെ ഒഴിവാക്കണം എന്ന നിബന്ധനയോടെയായിരിക്കും ഞങ്ങളുടെ പിന്തുണ” എഐസിസി തമിഴ്നാട് ചുമതലയുള്ള ഗിരീഷ് ചോദങ്കർ അറിയിച്ചു. ഇരു പാർട്ടികളും തമ്മിലുള്ള സഖ്യം പരസ്പര ബഹുമാനത്തിലും ഭരണത്തിലെ ഉത്തരവാദിത്തം പങ്കിടുന്നതിലും അധിഷ്ഠിതമായിരിക്കും. ഈ സഖ്യം വെറുമൊരു സർക്കാർ രൂപീകരണത്തിൽ അവസാനിക്കുന്നില്ല. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിലും ലോക്സഭ, രാജ്യസഭ തെരഞ്ഞെടുപ്പുകളിലും ടിവികെയും കോൺഗ്രസും ഒരുമിച്ച് മത്സരിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.
“മതേതരവും പുരോഗമനപരവുമായ ഒരു സർക്കാരിനായുള്ള തമിഴ്നാട്ടിലെ ജനങ്ങളുടെ ചരിത്രപരമായ വിധിയെ ബഹുമാനിക്കുമെന്നും ജനങ്ങളുടെ, പ്രത്യേകിച്ച് തമിഴ്നാട്ടിലെ യുവാക്കളുടെ സ്വപ്നങ്ങളും വാഗ്ദാനങ്ങളും നിറവേറ്റുമെന്നും വിജയിയും രാഹുൽ ഗാന്ധിയും സംയുക്തമായി പ്രതിജ്ഞയെടുക്കുന്നു,” പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118 സീറ്റുകൾ തികയ്ക്കാൻ തമിഴക വെട്രി കഴകം നിർണ്ണായകമായ കരുനീക്കങ്ങളാണ് നടത്തുന്നത്. 107 സീറ്റുകൾ നേടിയ വിജയ്ക്ക് സർക്കാർ രൂപീകരിക്കാൻ 11 എംഎൽഎമാരുടെ കൂടി പിന്തുണ ആവശ്യമാണ്. കോൺഗ്രസിന്റെ 5 എംഎൽഎമാരുടെ പിന്തുണ ലഭിക്കുന്നതോടെ സീറ്റ് നില 112 ആകും. ഭൂരിപക്ഷം തെളിയിക്കാൻ 6 എംഎൽഎമാരുടെ പിന്തുണ കൂടി വേണം.സഖ്യകക്ഷികളെ തേടി വിജയ് വിസികെ, സിപിഐ, സിപിഎം എന്നിവരുമായും ബന്ധപ്പെട്ടിട്ടുണ്ട്. ഇവരുടെ പിന്തുണ ലഭിച്ചാൽ 119 എംഎൽഎമാരുടെ ബലത്തിൽ അധികാരമുറപ്പിക്കാം.
