തിരൂർ: തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ അപൂർവമായൊരു പന്തയവും യാഥാർത്ഥ്യമായി. വെട്ടം പഞ്ചായത്തിലെ കാനൂർ സ്വദേശി കുന്നത്ത് മുസ്തഫയ്ക്ക്, സുഹൃത്ത് കാവീട്ടിൽ മഹേഷിൽ നിന്ന് പതിനാറു ലിറ്റർ പാൽ കിട്ടുന്ന കറവപ്പശുവിനെ ലഭിച്ചു. ലീഗ് പ്രവർത്തകനായ മുസ്തഫയും സി.പി.എം. നിറമരുതൂർ സമന്വയ ബ്രാഞ്ച് അംഗമായ മഹേഷും തമ്മിലായിരുന്നു പന്തയം വച്ചത്. ഇരുവരും ക്ഷീരകർഷകരും അടുത്ത സുഹൃത്തുക്കളുമാണ്.
‘സംസ്ഥാനത്ത് ആരാണ് ഭരണം പിടിക്കുക?’ എന്നതായിരുന്നു വിഷയം. ഇടതുമുന്നണിക്ക് തുടർഭരണം ഉറപ്പാണെന്നായിരുന്നു മഹേഷിന്റെ ആത്മവിശ്വാസം. അത് സംഭവിച്ചില്ലെങ്കിൽ തന്റെ ആറു കറവപ്പശുക്കളിൽ ഇഷ്ടമുള്ള ഒന്നിനെ മുസ്തഫയ്ക്ക് നൽകാമെന്ന് മഹേഷ് വാഗ്ദാനം ചെയ്തു. മറുവശത്ത്, യു.ഡി.എഫിന് ഭരണം ലഭിക്കാതെ പോയാൽ തന്റെ പശുവിനെ മഹേഷിന് നൽകാമെന്നായിരുന്നു മുസ്തഫയുടെ വാക്ക്.
വോട്ടെടുപ്പിന് പതിനഞ്ച് ദിവസം മുൻപാണ് ഇരുവരും പന്തയം വെച്ചത്. ഫലം പുറത്തുവന്നതോടെ വാക്ക് പാലിക്കാൻ മഹേഷ് തയ്യറായി. ഫലപ്രഖ്യാപനത്തിന് പിന്നാലെ മുസ്തഫയെ ഫോണിൽ വിളിച്ച് പശുവിനെ കൊണ്ടുപോകാനായി എത്തണമെന്നും പറഞ്ഞു. മഹേഷിന്റെ വീട്ടിലെത്തിയ മുസ്തഫയോട്, തൊഴുത്തിലുള്ള പശുക്കളിൽ ഇഷ്ടമുള്ളതിനെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടു. ഒടുവിൽ നാലുവയസ്സുള്ള, മികച്ച പാൽ ലഭ്യതയുള്ള കറവപ്പശുവിനെ മുസ്തഫ തിരഞ്ഞെടുത്തു. ഏകദേശം 70,000 രൂപ വിലമതിക്കുന്ന പശുവാണിത്. ഇതിനെ മഹേഷ് മുസ്തഫക്ക് കൊടുക്കുകയും ചെയ്തു.
