തിരുവനന്തപുരം: വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ മുറികള്‍ വോട്ടെണ്ണല്‍ കഴിയുന്നതുവരെ തുറക്കരുതെന്ന് നിര്‍ദേശിച്ച് സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ രത്തന്‍ ഖേല്‍ക്കർ. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ സീല്‍ ചെയ്യാത്ത മുറികളും തുറക്കേണ്ടതില്ലെന്നാണ് നിര്‍ദേശം. പേരാമ്പ്ര, നെന്മാറ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നിര്‍ദേശം.
ജില്ലകളിലെ മുഖ്യ വരണാധികാരികളായ ജില്ലാ കലക്ടര്‍മാര്‍ക്കാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. സംഭവത്തില്‍ രത്തന്‍ ഖേല്‍ക്കര്‍ അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കണക്കെടുപ്പിനാണ് മുറി തുറക്കുന്നതെങ്കില്‍ വോട്ടെണ്ണല്‍ കഴിഞ്ഞിട്ട് കണക്കുകള്‍ അപ്ഡേറ്റ് ചെയ്താല്‍ മതിയെന്ന് രത്തന്‍ ഖേല്‍ക്കര്‍ നിര്‍ദേശിച്ചു. തിരക്കിട്ട് മുറികള്‍ തുറന്ന് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. എന്തിന് വിവരങ്ങള്‍ തിരക്കിട്ട് അപ്ഡേറ്റ് ചെയ്യണമെന്നും ഏതെങ്കിലും തരത്തില്‍ മുറികള്‍ തുറന്നാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു.
അതേസമയം, നിലവില്‍ പാലക്കാട് മെറ്റീരിയല്‍ സ്ട്രോങ്ങ് റൂം തുറക്കില്ലെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. അസ്വാഭാവികത ഇല്ലെന്ന് ജില്ലാ കളക്ടര്‍ എം എസ് മാധവികുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.
