മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകനും കുടുംബവും ഗുരുവായൂരില്‍ ദര്‍ശനം നടത്തിയതിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയ ജനം ടിവി ക്യാമറാമാനെ തടയുകയും കയ്യേറ്റം ചെയ്യുകയും ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്ത സംഭവങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയ്ക്ക് വഴിവച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ മകന്റെ സന്ദര്‍ശനം രഹസ്യമായി വെക്കാന്‍ വേണ്ടിയാണ് ദേവസ്വം സുരക്ഷാ ജീവനക്കാര്‍ ഈ നീക്കം നടത്തിയതെങ്കിലും അത് വിപരീതഫലമാണ് സൃഷ്ടിച്ചത്. ജനം ടിവി പ്രതിനിധിയെ തടഞ്ഞതും ദൃശ്യങ്ങള്‍ മായ്ച്ച് കളഞ്ഞതും ജനം ടിവി വാര്‍ത്തയാക്കി. മറ്റു മാധ്യമങ്ങളും വാര്‍ത്തയാക്കി. ഇതോടെ മുഖ്യമന്ത്രിയുടെ മകനും കുടുംബവും തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു തൊട്ടുമുന്‍പ് ഗുരുവായൂരില്‍ പോയി തൊഴുതതിന് വലിയ പ്രാധാന്യം ലഭിച്ചു.
ഭക്തര്‍ക്ക് ഗുരുവായൂരില്‍ പോയി തൊഴുന്നതിന് ഒരു പ്രയാസവുമില്ല. മതവിശ്വാസമുള്ളവര്‍ക്ക് അത് അനുഷ്ടിക്കുന്നതില്‍ സിപിഎം ഇപ്പോള്‍ വലിയ രീതിയില്‍ എതിര്‍ക്കുന്നുമില്ലല്ല. മതം മനുഷ്യനെ മയക്കുന്ന കറുപ്പ് ആണെന്ന കാറൽ മാർക്സിന്റെ പ്രയോഗം വലിയ രീതിയില്‍ പ്രചരിപ്പിക്കുകയും അത് വിശ്വസിച്ചുപോവുകയും ചെയ്തതാണ് കേരളത്തില്‍ സിപിഎമ്മിന് തിരിച്ചടിയുണ്ടാക്കിയത്. പക്ഷെ അതിലൊക്കെ പാര്‍ട്ടി ഇപ്പോള്‍ വെള്ളം ചേര്‍ത്ത് കഴിഞ്ഞിരിക്കുന്നു. സിപിഎമ്മുകാരാണ് ഏറ്റവും കൂടുതല്‍ ശബരിമലയെത്തി അയ്യപ്പനെ തൊഴുന്നത്. ശബരിമല സ്ത്രീകളെ കയറ്റി ആചാരം ലംഘിച്ച നടപടിയില്‍ പ്രതിഷേധിച്ച് പാര്‍ട്ടിക്ക് എതിരേ വോട്ടുകുത്തി തിരഞ്ഞെടുപ്പ് പരാജയം ഒരുക്കിക്കൊടുത്തതിലും ഇതേ അണികള്‍ക്ക് വലിയ പങ്കുമുണ്ട്.
പിണറായിയുടെ മകനും കുടുംബവും ഗുരുവായൂരില്‍ എത്തി തൊഴുതതില്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച കൊഴുക്കുന്നതില്‍ മുഖ്യമന്ത്രിയുടെ പഴയ പ്രതികരണത്തിനും വലിയ വിലയുണ്ട്. ഗുരുവായൂരില്‍ എത്തിയപ്പോള്‍ ശ്രീകോവിലിനു നേരെ കൈചൂണ്ടി നിങ്ങളുടെ കൃഷ്ണന്‍ അവിടെയാണോ ഇരിക്കുന്നതെന്ന് പിണറായി ചോദിച്ചിരുന്നു. ഇത് അന്ന് വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഇടം നല്‍കുകയും ചെയ്തിരുന്നു. ഇതുകൊണ്ട് കൂടിയാണ് കൃഷ്ണൻ എവിടെയാണ് ഇരിക്കുന്നത് എന്ന് മകനറിയാം. അത് മുഖ്യമന്ത്രിക്ക് മകന്‍ പറഞ്ഞുകൊടുക്കും എന്ന് പറഞ്ഞുള്ള മുന്‍ ഡിജിപി സെന്‍കുമാറിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നത്.
അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് അദ്ദേഹത്തിന്റെ മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു. മകനും കുടുംബവും ഗുരുവായൂരപ്പനെ ദർശിച്ചു മടങ്ങി. ദർശനം എന്തിനുവേണ്ടിയുള്ളതായിരുന്നു എന്നുള്ളത് പ്രത്യേകിച്ചും വോട്ടെണ്ണൽ 4 ആം തീയതി ആയിരിക്കുമ്പോൾ വളരെ സ്വാഭാവികമാണ്. ഏതായാലും ഒരു കാര്യം ഉറപ്പിക്കാം. ഇനി ശ്രീ പിണറായി വിജയന് മകനോട് ചോദിച്ചാൽ മതി – കൃഷ്ണൻ എവിടെയാണ് ഇരിക്കുന്നത് എന്ന് മകനറിയാം. എഫ്ബി കുറിപ്പില്‍ സെന്‍കുമാര്‍ പറയുന്നു. കൃഷ്ണൻ എല്ലായിടത്തും ഉണ്ട് കേട്ടോ ശ്രീ പിണറായി വിജയൻ? തൂണിലും തുരുമ്പിലും എല്ലാം കൃഷ്ണൻ വസിക്കുന്നു. അതിപ്പോൾ മകനു മനസ്സിലായിക്കാണും.
ഇതുപോലെതന്നെയാണ് ശ്രീ വി.എസ് അച്യുതാനന്ദന്റെ മകൻ അരുൺ കുമാറും. അദ്ദേഹവുമൊത്തു പല പ്രാവശ്യം ഞാൻ ശബരിമലയിൽ ദർശനം നടത്തിയിട്ടുണ്ട്. അപ്പോൾ ഹിന്ദു മതത്തെ ഇത്രയധികം പുറകോട്ടടിച്ച ഈ നേതാക്കളുടെ മക്കൾ എന്തുകൊണ്ട് ദൈവ വിശ്വാസികളായിമാറുന്നു ? അത് ആദ്യം അവരൊന്ന് ചർച്ച ചെയ്യട്ടെ. പാർട്ടി സെക്രെട്ടറി എം വി ഗോവിന്ദനും , എം ഏ ബേബിയും , അതുപോലെ ഡബിൾ ഏ റഹീമും ഒക്കെ ചർച്ച ചെയ്യേണ്ട കാര്യങ്ങളാണ് തങ്ങളുടെ പാർട്ടി നേതാക്കളുടെ മക്കൾ എന്തുകൊണ്ട് ഹിന്ദു ഈശ്വര വിശ്വാസികളായി മാറുന്നു എന്നുള്ളത്. പോസ്റ്റില്‍ സെന്‍കുമാര്‍ പറയുന്നു. എന്തായാലും ഈ വിവാദം ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ന്യായീകരിക്കാന്‍ ക്യാപ്സൂളുകള്‍ കുറെ ഇറക്കേണ്ടിവരും.
