Home » Blog » Kerala » വീണ്ടും ട്രംപിൻറെ പണി; ഇന്ത്യയുൾപ്പടെ 54 രാജ്യങ്ങൾക്ക് 12.5% അധിക തീരുവ ചുമത്താൻ യുഎസ് ഏജൻസി
17

വാഷിങ്ടൺ: ഇന്ത്യ ഉൾപ്പെടെ 54 രാജ്യങ്ങൾക്ക് മേൽ അധിക ഇറക്കുമതി തീരുവ ചുമത്താൻ യുഎസ്ടിആർ (US Trade Representative) നിർദേശം. 12.5 ശതമാനം തീരുവ ചുമത്താനാണ് നിർദേശിച്ചിരിക്കുന്നത്. നിർബന്ധിത തൊഴിൽ ഉത്‌പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിൽ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. ഇന്ത്യ, ചൈന, ജപ്പാൻ, ഓസ്‌ട്രേലിയ, സൗദി അറേബ്യ, ബ്രസീൽ, യുകെ തുടങ്ങിയ രാജ്യങ്ങൾക്കെതിരെയാണ് യുഎസ് ഏജൻസിയുടെ നടപടി.

നിർബന്ധിത തൊഴിൽ ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിൽ അമേരിക്കയുമായി വ്യാപാര പങ്കാളിത്തമുള്ള 60 രാജ്യങ്ങൾ പരാജയപ്പെട്ടതായാണ് യുഎസ്ടിആറിന്റെ കണ്ടെത്തൽ. ഇറക്കുമതിയിലെ ഈ കുറവ് അംഗീകരിക്കാൻ കഴിയില്ല. യു.എസ് വ്യാപാര പങ്കാളികൾ ഇക്കാര്യം പരിഗണിക്കേണ്ടതുണ്ട്. ഇത്തരം സാഹചര്യങ്ങൾ അമേരിക്കയിലെ തൊഴിലാളികളെ തുല്യതയില്ലാത്ത ആഗോളമാർക്കറ്റിൽ മത്സരിക്കാൻ നിർബന്ധിതരാക്കുമെന്നും യുഎസ്ടിആർ അംബാസഡർ ജാമിസൺ ഗ്രീർ പറഞ്ഞു.

എന്നാൽ, ഇന്ത്യ യുഎസ്ടിആറിന്റെ ആരോപണങ്ങൾ നിഷേധിച്ചതായാണ് റിപ്പോർട്ടുകൾ. വിഷയം ചർച്ച ചെയ്യാമെന്നും അന്വേഷണം അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. അതേസമയം, യൂറോപ്യൻ യൂണിയൻ, പാക്കിസ്ഥാൻ, മെക്സിക്കോ ഇന്തോനേഷ്യ, ഇക്വോഡോർ, കാനഡ എന്നീ ആറ് രാജ്യങ്ങളും നിർബന്ധിത തൊഴിൽ ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിൽ പരാജയപ്പെട്ടതായി യുഎസ് ഏജൻസി പറയുന്നു.

യുഎസുമായി യുഎസ്എംസിഎ-പരസ്പര വ്യാപാര കരാറുകളിൽ ഒപ്പിട്ട ചില രാജ്യങ്ങൾ നിർബന്ധിത തൊഴിൽ ഇറക്കുമതി നിരോധിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഈ തീരുമാനത്തിൽ നിന്ന് രാജ്യങ്ങൾ പിന്മാറാത്ത പക്ഷം 10 ശതമാനം അധിക തീരുവ ചുമത്തുമെന്നാണ് യുഎസ് ഏജൻസിയുടെ മറ്റൊരു ഭീഷണി. മറ്റു രാജ്യങ്ങൾക്ക് മേൽ 12.5 ശതമാനം തീരുവയും ചുമത്തുമെന്നാണ് യുഎസ്ടിആർ പ്രസ്താവന. അതേസമയം, തെരഞ്ഞെടുക്കപ്പെട്ട ചില രാജ്യങ്ങളിൽ നിന്നുള്ള ടെക്സ്റ്റയിൽസ് ഉത്പന്നങ്ങൾ കുറഞ്ഞ താരിഫിൽ യുഎസിൽ ഇറക്കുമതി ചെയ്യാനുള്ള പ്രൊപ്പോസലും യുഎസ്ടിആർ മുന്നോട്ടുവെച്ചിട്ടുണ്ട്.