Home » Blog » Kerala » വിസ്മയം ഉണ്ടായോ ; വീണയുടെ ബാങ്ക് ലോക്കറിൽ ഇ.ഡി നടത്തിയ പരിശോധനയെ പരിഹസിച്ച് പിണറായി വിജയൻ
pinarayi-vijayan-680x450

തിരുവനന്തപുരം: എക്‌സാലോജിക്-സിഎംആർഎൽ പണമിടപാട് കേസുമായി ബന്ധപ്പെട്ട് മകൾ വീണയുടെ ബാങ്ക് ലോക്കറിൽ ഇ.ഡി നടത്തിയ പരിശോധനയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ബാങ്ക് ലോക്കർ തുറക്കുമ്പോൾ എന്തെങ്കിലും വിസ്മയമുണ്ടാകുമോ എന്ന് അറിയാമല്ലോ. ഒരു വലിയ മഹാകാര്യം പോലെയാണ് പരിശോധനയെന്നും പിണറായി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

 

അതേസമയം, തിരുവനന്തപുരം എം.ജി റോഡിലുള്ള എച്ച്.ഡി.എഫ്.സി ബാങ്ക് ശാഖയിലെ വീണയുടെ ലോക്കർ പരിശോധന ഇ.ഡി പൂർത്തിയാക്കി. കേന്ദ്ര സേനയായ സി.ആർ.പി.എഫിന്റെ കനത്ത സുരക്ഷയിലാണ് ഇ.ഡി ഉദ്യോഗസ്ഥർ ബാങ്കിലെത്തിയത്. ഏകദേശം രണ്ട് മണിക്കൂറിലധികം നീണ്ട വിശദമായ പരിശോധനയ്ക്ക് ശേഷമാണ് ഉദ്യോഗസ്ഥർ മടങ്ങിയത്. സി.എം.ആർ.എൽ-എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ഇ.ഡി നേരത്തെ എടുത്ത തീരുമാനപ്രകാരമായിരുന്നു ഈ പരിശോധന.

 

പിണറായി വിജയൻ താമസിക്കുന്ന ബേക്കറി ജങ്ഷനിലെ വീട്ടിൽ ഇ.ഡി നേരത്തെ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് വീണയ്ക്ക് ബാങ്കിൽ ലോക്കർ ഉണ്ടെന്ന വിവരം ലഭിക്കുന്നത്. തുടർന്ന് ബാങ്ക് അക്കൗണ്ട് താൽക്കാലികമായി മരവിപ്പിക്കുകയായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ആകെ 242 ബാങ്ക് അക്കൗണ്ടുകളിലായി ഏകദേശം 18.36 കോടി രൂപയാണ് ഇ.ഡി ഇതുവരെ മരവിപ്പിച്ചിട്ടുള്ളത്. ഇതിൽ വീണയുടെ അക്കൗണ്ടുകളും ഉൾപ്പെടുന്നു. കഴിഞ്ഞ ദിവസം വീണയെ കൊച്ചിയിലെ ഇ.ഡി ഓഫീസിൽ വിളിച്ചുവരുത്തി മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.

 

സി.എം.ആർ.എൽ കമ്പനിയിൽ നിന്നും എക്സാ ലോജിക്കിലേക്ക് വന്ന 2.78 കോടി രൂപയുടെ വിനിയോഗം സംബന്ധിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യലിൽ ഈ പണമിടപാടുകളെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകാൻ വീണയ്ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് ഇ.ഡി വൃത്തങ്ങൾ നൽകുന്ന സൂചന. ഐടി സേവനങ്ങൾ നൽകിയതിനുള്ള പ്രതിഫലമായാണ് ഈ പണം ലഭിച്ചതെന്ന വാദത്തിന്മേൽ തൃപ്തികരമായ രേഖകളോ വിശദീകരണമോ നൽകാത്തതിനെ തുടർന്നാണ് ബാങ്ക് ലോക്കറുകൾ കൂടി പരിശോധിക്കാൻ ഇ.ഡി തീരുമാനിച്ചത്.